അഞ്ചാലുംമൂട്: സി.കെ.പി മുക്കടമുക്കിൽ നിന്ന് ആണിക്കുളത്ത്ചിറ വഴി അഞ്ചാലുംമൂട്ടിലേക്ക് പോകുന്ന റോഡിലെ കുഴികൾ കാൽനട യാത്രികർക്കു പോലും ഭീഷണിയായിട്ടും ഉത്തരവാദപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ല. അര കിലോമീറ്റർ വരുന്ന റോഡിലെ ടാറിംഗ് പൂർണമായി തകർന്നു.
കോർപ്പറേഷന്റെ അധീനതയിലുള്ള റോഡാണിത്. ഫണ്ടിന്റെ അപര്യാപ്തതയും വെള്ളത്തിന്റെ ഊറ്റുമാണ് റോഡ് തകരാൻ കാരണമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി ഇതുവഴി കടന്നുപോകുന്നുണ്ട്. മുക്കടമുക്കിൽ നിന്ന് വേഗം അഞ്ചാലുംമൂട് ജംഗ്ഷനിലേക്കെത്താനും ആണിക്കുളത്ത്ചിറയിൽ നിന്ന് പെട്ടെന്ന് കടവൂർ ബൈപ്പാസിലേക്കെത്താനും പ്രയോജനപ്പെടുന്ന റോഡാണിത്. നാട്ടുകാർ നിരവധി തവണ പരാതികൾ അറിയിച്ചെങ്കിലും അധികൃതർ ടാറിംഗിനുള്ള നടപടി സ്വീകരിച്ചിരുന്നില്ല.
അഞ്ചാലുംമൂട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, എൽ.പി സ്‌കൂൾ, തൃക്കടവൂർ എൽ.പി.എസ്, നീരാവിൽ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഉൾപ്പെടെയുള്ള സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികൾ പോകുന്നതും ഇതുവഴിയാണ്. കാൽനടയാത്രപോലും നിലവിൽ ബുദ്ധിമുട്ടാണ്. മഴയുള്ള സമയങ്ങളിൽ കുഴികളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്.
പണിമുടക്കി വാഹനങ്ങൾ
സി.കെ.പി മുക്കടമുക്ക് ആണിക്കുളത്ത് ചിറ റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരേപോലെ 'ചികിത്സ' നടത്തേണ്ട അവസ്ഥയാണ്! തകർന്ന റോഡിലൂടെ പതിവായി സഞ്ചരിക്കുന്നവർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ളവയ്ക്കും അറ്റകുറ്റപ്പണി ഒഴിഞ്ഞിട്ട് നേരമില്ല. ഓട്ടോറിക്ഷക്കാരിൽ പലരും ഈ റോഡിലൂടെ എത്താൻ തന്നെ മടിക്കുകയാണ്.
സി.കെ.പി മുക്കടമുക്ക് ആണിക്കുളത്ത് ചിറ റോഡ് ടാർ ചെയ്യാനും വശങ്ങൾ ഇന്റർലോക്ക് ചെയ്യാനുമുള്ള ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും. കോർപ്പറേഷൻ കൗൺസിലർമാർക്കുള്ള 2024-25 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 17 ലക്ഷം ചെലവിലായിരിക്കും ടാറിംഗും ഇന്റർലോക്ക് വിരിക്കലും നടത്തുക. ഇതിനുള്ള സാങ്കേതിക അനുമതിക്കായി കോർപ്പറേഷനിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ ടെണ്ടർ നടപടികളിലേക്ക് കടക്കും, റോഡ് ടാറിംഗിനുള്ള പണികൾ ആരംഭിക്കും
ഗിരിജ സന്തോഷ്,
കടവൂർ ഡിവിഷൻ കൗൺസിലർ