കൊല്ലം: രണ്ടര വർഷത്തിനുള്ളിൽ 1,53,000 പട്ടയങ്ങൾ നൽകാൻ കഴിഞ്ഞത് ചരിത്രപരമാണെന്ന് മന്ത്രി കെ.രാജൻ. കഴിഞ്ഞ ദിവസം പുതുതായി നിർമ്മിച്ച നീണ്ടകര, പന്മന സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖകളും സ്മാർട്ട്' എന്ന മുദ്രാവാക്യത്തിലൂടെ ഭൂപരിഷ്‌കരണ നിയമത്തിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ് സർക്കാർ. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്തി പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആധുനികവത്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ എൻ.ദേവീദാസ്, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത്ത്, എ.ഡി.എം സി.എസ്.അനിൽ, തദ്ദേശസ്വയംഭരണ - രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.