കൊല്ലം: കൊല്ലം അഡിഷണൽ സെഷൻസ് കോടതി 2ൽ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി അഭിജിത്തിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. പ്രത്യേക സംഘം രൂപീകരിച്ച് പരവൂർ, കൊല്ലം വെസ്റ്റ് പൊലീസ് സംയുക്തമായാണ് അന്വേഷണംത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചതിനാൽ ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പരവൂർ റെയിൽവേ സ്റ്റേഷനിൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം അന്വേഷിച്ചെങ്കിലും ഇയാളെ പിടികൂടാനായില്ല. രാത്രി വൈകിയും പൊലീസ് അന്വേഷണം തുടരുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് പ്രതി കോടതിയിൽ നിന്ന് കടന്നുകളഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അശ്ലീല പദപ്രയോഗം നടത്തിയ ഇയാളെ കഴിഞ്ഞ 2 നാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് ജഡ്ജിയുടെ ചേംബറിന് അടുത്തുള്ള കോടതി ജീവനക്കാർ ഉപയോഗിക്കുന്ന വാതിലിലൂടെ പ്രതി കടന്നുകളയുകയായിരുന്നു.