photo
ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ആരോഗ്യ ജാഗ്രതാ ബോധവൽക്കരണ ക്ലാസ്

കരുനാഗപ്പള്ളി: പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രതാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ, എൻ വൺ വയറിളക്ക രോഗങ്ങൾ,റാബിസ് തുടങ്ങിയ രോഗങ്ങൾ പകരുന്ന സാഹചര്യങ്ങളെക്കുറിച്ചും ഗ്രീൻ പ്രോട്ടോകോൾ പാലിക്കപ്പെടേണ്ട ആവശ്യകതകളെക്കുറിച്ചുമാണ് സെമിനാറിൽ പ്രതിപാദിച്ചത്. ഇതിന്റെ ഭാഗമായി ക്ലാസ് റൂമുകളിൽ ബോധവത്കരണ സ്റ്റിക്കർ പതിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുവാനും തീരുമാനിച്ചു. കൂടാതെ ഞായറാഴ്ചകളിൽ വീടുകളിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കുട്ടികളും രക്ഷിതാക്കളും കൂട്ടായി പരിശ്രമിക്കണമെന്നും സെമിനാറിൽ തീരുമാനമായി. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കുട്ടികളിൽ അനുഭവപ്പെട്ടാൽ അദ്ധ്യാപകരുടെ അനുമതിയോടെ വീട്ടിൽ വിശ്രമിക്കണമെന്നും നിർദ്ദേശിച്ചു. ബോധവത്കരണ പരിപാടിയിൽ 947 കുട്ടികൾ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക ആർ. ഗംഗാദേവി ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു.