കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി വർക്കർമാർ, ആശാവർക്കന്മാർ എന്നിവരുടെ ക്ഷേമം മുൻനിറുത്തി എൻ.കെ.പ്രേമചന്ദ്രൻ എം.പി മൂന്ന് സ്വകാര്യ ബില്ലുകൾ ലോക് സഭയിൽ അവതരിപ്പിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 200 ആയി വർദ്ധിപ്പിക്കണമെന്നും പ്രതിദിന വേതനം 800 രൂപയായി ഉയർത്തണമെന്നും ഇ.എസ്.ഐ ആനുകൂല്യം നൽകണമെന്നും എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (ഭേദഗതി) സ്വകാര്യ ബില്ലായി അവതരിപ്പിച്ചാണ് ആവശ്യം ഉന്നയിച്ചത്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി കഠിനാധ്വാനം ചെയ്യുന്ന അങ്കണവാടി വർക്കർമാരുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കണമെന്നും കേന്ദ്ര സർക്കാർ ജീവനക്കാരായി പരിഗണിച്ച് സർവീസിൽ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എം.പി അങ്കണവാടി വർക്കേഴ്‌സ് റഗുലറൈസേഷൻ ഒഫ് സർവീസ് ആൻഡ് വെൽഫയർ സ്വകാര്യ ബിൽ ലോക് സഭയിൽ അവതരിപ്പിച്ചു.
ആരോഗ്യമേഖലയിൽ സ്തുത്യർഹമായ സേവനം നൽകുന്ന ആശാവർക്കന്മാരുടെ സർവീസ് സ്ഥിരപ്പെടുത്തി കേന്ദ്ര സർക്കാർ ഗ്രൂപ്പ് സി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ അനുവദിക്കുന്നതിന് ആശ വർക്കേഴ്‌സ് (റഗുലറൈസേഷൻ ഓഫ് സർവീസും മറ്റ് ആനുകൂല്യങ്ങളും) സ്വകാര്യ ബിൽ അവതരിപ്പിച്ചു. സർക്കാർ ജീവനക്കാർക്ക് ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും ആശാ വർക്കർന്മാർക്ക് നൽകുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.