കൊട്ടിയം: വഖഫ്‌ നിയമങ്ങളിൽ മാറ്റം വരുത്തി ഗൂഢതന്ത്രങ്ങളിലൂടെ വഖഫ്‌ സ്വത്തുകൾ കൈയടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) കൊല്ലം ജില്ലാ കമ്മിറ്റി. വഖഫ്‌ നിയമങ്ങൾ പരിഷ്കരിക്കുമ്പോൾ സച്ചാർ കമ്മിറ്റി നിർദ്ദേശങ്ങളായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. അതിന് പകരം സമുദായത്തെ പല വിഭാഗങ്ങളായി തിരിച്ച് നിലവിലുള്ള നിയമത്തിൽ കൈകടത്താൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്. സമുദായത്തെ മൊത്തത്തിൽ ദോഷകരമായി ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ ഉപേക്ഷിച്ച് വഖഫ് വിഷയത്തിൽ നിലവിലുള്ള അവസ്ഥ തുടരണമെന്ന് ജില്ലാ പ്രസിഡന്റ് എം.അബ്ദുൽ സമദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചോർന്ന യോഗം ആവശ്യപ്പെട്ടു. മെക്ക ലീഗൽ അഡ്വൈസർ ഡോ. അബ്ദുൽ സലാം യോഗം ഉദ്ഘാടനം ചെയ്തു. 20ന് തിരുവനന്തപുരത്ത് നടക്കുന്ന മെക്ക വാർഷിക സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. പി.എ.യൂസുഫ് മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.