കൊട്ടാരക്കര : പുലമൺ ജംഗ്ഷനിലെ ഹോട്ടൽ വ്യാപാരിയെ മദ്യപിച്ചെത്തിയ അഭിഭാഷകൻ മർദ്ദിച്ചതായി പരാതി. പുലമൺ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനും പ്രൈവറ്റ് ബസ് സ്റ്റേഷനും മദ്ധ്യേ പ്രർത്തിക്കുന്ന ശ്രീ ദു‌ർഗ ഹോട്ടലുടമ ദുർഗ ഗോപാലകൃഷ്ണന്റെ മകൻ ഹരികൃഷ്ണനെയാണ് അകാരണമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പരിക്കേറ്റ ഹരികൃഷ്ണൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടലിൽ മലിനജല നിർമ്മാർജ്ജനത്തിനുള്ള ടാങ്ക് സ്ഥാപിക്കുന്നതിനിടയിലാണ് പുലമൺ കൊച്ചുവിള വീട്ടിൽ പി.കെ.ജോർജ് ഹരികൃഷ്ണനെ കൈയ്യേറ്റം ചെയ്തത്. അക്രമിയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമര മുറകൾക്കു രൂപം നൽകുമെന്ന് അസോസിയേഷൻ ഭാരവഹികൾ മുന്നറിയിപ്പു നൽകി. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമിതി അംഗവും കൊട്ടാരക്കര യൂണിറ്റ് സെക്രട്ടറിയുടെയും മകനാണ് ഹരികൃഷ്ണൻ.