കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മാലിന്യം ചാക്കുകളിൽ കൂട്ടിവയ്ക്കുന്നു. നീക്കം ചെയ്യാൻ നടപടിയില്ല. നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിൽ പരിമിതികൾ ഏറെയുള്ളപ്പോൾ മാലിന്യം കൂടുതൽ തലവേദന സൃഷ്ടിക്കുന്നു. ആശുപത്രിയുടെ താത്കാലിക മോർച്ചറിയ്ക്ക് സമീപത്തായി മാലിന്യം കവറുകളിലും ചാക്കുകളിലുമാക്കി കൂട്ടിവച്ചിരിക്കുകയാണ്. ബയോളജിക്കൽ വേസ്റ്റടക്കം ഇതിനുള്ളിലുണ്ട്. ആശുപത്രിയിലെ മാലിന്യം കൊണ്ടുപോകുന്നതിന് പുറംകരാർ നൽകിയിരുന്നതാണ്. പണം നൽകാത്തതിനാൽ ഇവർ പത്ത് ദിവസമായി മാലിന്യം കൊണ്ടുപോകുന്നില്ല. ദുർഗന്ധം വമിച്ചതോടെ രോഗികൾ ഉൾപ്പടെയുള്ളവർ വലഞ്ഞു. വലിയ തോതിൽ പരാതികൾ ഉണ്ടായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല.
ബി.ജെ.പി പ്രതിഷേധിച്ചു
ആശുപത്രിവളപ്പിൽ മാലിന്യം കൂട്ടിവയ്ക്കുന്നതിൽ ബി.ജെ.പി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, പ്രസാദ് പള്ളിക്കൽ, ബി.സുജിത്ത്, ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികൾ. തുടർന്ന് സൂപ്രണ്ടുമായി ചർച്ച നടത്തി. തിങ്കളാഴ്ച മാലിന്യം നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.