കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സബ് ട്രഷറിയുടെ പരിധിയിൽ ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ഒരു മാസമായി കിട്ടാാനില്ല. 50, 100, 200, 500 തുകകളുടെ പത്രങ്ങൾക്കാണ് ക്ഷാമം. കരുനാഗപ്പള്ളി സബ് ട്രഷറിയിൽ 1000, 5000, 15000 രൂപയുടെ മുദ്രപ്പത്രങ്ങൾ മാത്രമാണ് ലഭിക്കുന്നത്. കരുനാഗപ്പള്ളി ഒഴികെയുള്ള ജില്ലയിലെ സബ് ട്രഷറികളിൽ എല്ലാ മുദ്രപ്പത്രങ്ങളും ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്ന് വെണ്ടർമാർ പറയുന്നു.
സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടാണ് കുറഞ്ഞ തുകയ്ക്കുള്ള പത്രങ്ങൾ അനിവാര്യമാവുന്നത്. വിഷയം പരിഹരിക്കാൻ ആവശ്യമായ നീക്കങ്ങളൊന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ജനന, മരണ സർട്ടിഫിക്കറ്റുകൾ, എഗ്രിമെന്റുകൾ, എൽ.ഐ.സിക്ക് ആവശ്യമായ രേഖ സമർപ്പണം, നോട്ടറി ആവശ്യങ്ങൾ, ലൈഫ് വീടുകളുടെ എഗ്രിമെന്റ്, ബാങ്ക് ലോൺ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും കുറഞ്ഞ മുദ്രപ്പത്രങ്ങളാണ് വേണ്ടത്. ഇവ ലഭിക്കാത്തതിനാൽ ഒട്ടുമിക്ക കാര്യങ്ങളും മുടക്കത്തിലായി. പണി പൂർത്തിയായ ലൈഫ് വീടുകളുടെ ബാക്കി തുക ലഭിക്കണമെങ്കിൽ എഗ്രിമെന്റ് വെയ്ക്കേണ്ടത് അത്യാവശ്യമാണ്. ചിങ്ങത്തിൽ പണി പൂർത്തിയാകുന്ന വീടുകളുടെ പാലുകാച്ചൽ നടത്തി മാറിത്താമസിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുമ്പോഴാണ് മുദ്രപ്പത്രങ്ങളുടെ ക്ഷാമം ഇടിത്തീയായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പണം ലഭ്യമാക്കാനുള്ള എഗ്രമെന്റുകളും മുടങ്ങി.
നടപടിവേണം, വേഗത്തിൽ
ജില്ലാ ട്രഷറിയിൽ നിന്നാണ് സബ് ട്രഷറികളിലേക്ക് ആവശ്യാനുസരണം മുദ്രപ്പത്രങ്ങൾ നൽകുന്നത്. സബ് ട്രഷറികളിൽ വെണ്ടർമാർ പണം അടയ്ക്കുമ്പോൾ ഇവർ ആവശ്യപ്പെടുന്ന മുദ്രപ്പത്രങ്ങൾ ഓഫീസിൽ നിന്നു നൽകും. പത്രങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ കരുനാഗപ്പള്ളി സബ് ട്രഷറി ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നാണ് നാടിന്റെ ആവശ്യം.