knb
കുളക്കട സർക്കാർ ഹോമിയോ ഡിസ്‌പെൻസറി മാതൃക സ്ഥാപനമായി പ്രഖ്യാപിക്കുന്ന ചടങ്ങ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം: സംസ്ഥാനത്തെ ആരോഗ്യ മേഖല രാജ്യത്തിന് മാതൃകയാകുന്ന തരത്തിലുള്ള കുതിപ്പിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കുളക്കട സർക്കാർ ഹോമിയോ ഡിസ്‌പെൻസറി മാതൃകാ സ്ഥാപനമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 കോടി ചെലവിൽ ആയുഷ് മിഷന്റെ കീഴിലുള്ള ആശുപത്രിയുടെ നിർമ്മാണം കൊട്ടാരക്കരയിൽ ഉടൻ ആരംഭിക്കുമെന്നും മന്ത്രി​ പറഞ്ഞു.

കലയപുരം ഡിസ്‌പെൻസറി അങ്കണത്തിൽ നടന്ന ചടങ്ങിൽ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല അദ്ധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത് കുമാർ, കുളക്കട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജയകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. സി.എസ്. പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷർ, ഗ്രാമപഞ്ചായത്ത്, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.