കരുനാഗപ്പള്ളി: എഴുത്തുകാരന് എഴുതാനുള്ള സ്വാതന്ത്ര്യത്തിന് മേലും കടിഞ്ഞാൺ ഇടുന്ന കാലമാണിതെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. കെ.ജി. രവി എഴുതിയ നേർക്കാഴ്ചകൾ എന്ന പുസ്തകം പ്രകാശ്നം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമർശനങ്ങളെ തുറന്ന മനസോടെ സമീപിക്കാനും ശക്തമായ നിലപാടുകൾ സ്വീകരിക്കാനും എഴുത്തുകാരന് കഴിയണം. ഭാരത് ജോഡോ യാത്ര ഉൾപ്പെടെ താൻ കണ്ടതും അറിഞ്ഞതുമായ ഒട്ടേറെ കാര്യങ്ങൾ പുസ്തകത്തിൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ കെ.ജി.രവിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും വനിത കമ്മിഷൻ മുൻ അംഗവുമായ അഡ്വ. എം.എസ്. താര പുസ്തകം ഏറ്റുവാങ്ങി. കരുനാഗപ്പള്ളി ലാൽക്വില ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. എൻ. അജയകുമാർ സ്വാഗതം പറഞ്ഞു. നാടകകൃത്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, നാടകനടനും സംവിധായകനുമായ ആദിനാട് ശശി, യു.എ.ഇ ഗ്ലോബൽ സെക്രട്ടിയായി കെ.പി.സി.സി നിയോഗിച്ച സാമൂഹ്യ പ്രവർത്തകൻ കുമ്പളത്ത് വിഷ്ണു വിജയൻ എന്നിവരെ കെ.സി ആദരിച്ചു. വലിയത്ത് ഇബ്രാഹിം കുട്ടി, കെ.സി. രാജൻ, അഡ്വ. അനിൽ എസ്.കല്ലേലിഭാഗം, എം. അൻസാർ തുടങ്ങിയവർ സംസാരിച്ചു.