കൊല്ലം: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ അഖിലേന്ത്യ കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷികോൽപ്പന്ന സമാഹരണം നടത്തുന്നു. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെയും മേഖലാ -പ്രാദേശിക സഭകളുടെയും നേതൃത്വത്തിൽ കർഷകരിൽ നിന്ന് കാർഷികോൽപ്പന്നങ്ങൾ സംഭാവനയായി സ്വീകരിക്കും. ഇവ വിറ്റുകിട്ടുന്ന തുക കിസാൻ സഭയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. കൊല്ലത്ത് ചേർന്ന കിസാൻ സഭ ജില്ലാ എക്സിക്യുട്ടീവ് യോഗമാണ് കർഷക പങ്കാളിത്തത്തോടെ ദുരിതാശ്വാസ നിധി ശേഖരണം നടത്താൻ തീരുമാനിച്ചത്. വയനാടിന് കർഷകരുടെ കൈത്താങ്ങ് എന്ന പേരിൽ 20 വരെയാണ് ക്യാമ്പയിൻ തീരുമാനിച്ചിട്ടുള്ളത്. പരിപാടി വിജയിപ്പിക്കാൻ കർഷക സമൂഹത്തിന്റെ പിന്തുണയുണ്ടാകണമെന്ന് കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.ആർ.മോഹനൻ പിള്ള, സെക്രട്ടറി അഡ്വ. ലെനു ജമാൽ എന്നിവർ അഭ്യർത്ഥിച്ചു.