amritha

കൊല്ലം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പുതിയകാവ് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ.

കേന്ദ്രസർക്കാരിന് കീഴിലെ നീതി ആയോഗിന്റെ അടൽ ഇന്നവേഷൻ മിഷൻ നടത്തിയ അടൽ ടിങ്കറിംഗ് ലാബ്‌സ് മാരത്തണിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ എട്ടാം സ്ഥാനം നേടിയ മാസ്റ്റർ ബ്രെയിൻ ടീം അംഗങ്ങളാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ കാണുന്നതിനായി ഡൽഹിക്ക് പോകുന്നത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ നിവേദ്.ആർ.പ്രവീൺ, ബി.വിനായക്, എസ്.ആകാശ് എന്നിവർക്കൊപ്പം സ്‌കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെ ചുമതലയുള്ള ദീപിക പ്രവീണിനും ക്ഷണം ലഭിച്ചിട്ടുണ്ട്. സംഘം ഇന്ന് രാവിലെ വിമാനമാർഗം ഡൽഹിക്ക് പോകും. കേരളത്തിൽ നിന്നുള്ള ഏക സ്‌കൂൾ എന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പ്രിൻസിപ്പൽ സ്വാമിനി ശ്രീചരണാമൃത പ്രാണ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഒന്നാമതെത്തിയ ടീമുകൾക്ക് ഇത്തവണ ക്ഷണം ലഭിച്ചിട്ടുണ്ട്.