freak

കൊല്ലം: രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ വലിയ ശബ്ദത്തോടെ നഗരത്തിൽ അഭ്യാസ പ്രകടനം നടത്തുന്ന ഫ്രീക്കന്മാർ കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഭീഷണിയാകുന്നു. ഗതാഗതനിയമങ്ങൾ വെല്ലുവിളിച്ച് ഇത്തരക്കാർ നഗരത്തിൽ തലങ്ങും വിലങ്ങും പായുമ്പോഴും പൊലീസും മോട്ടോർവാഹനവകുപ്പും കണ്ട ഭാവം നടിക്കുന്നില്ല.

മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണ് ഫ്രീക്കന്മാരുടെ ബൈക്കിലുള്ള അഭ്യാസം.

ഹെൽമെറ്റ് ധരിക്കാതെയും അമിത വേഗത്തിലും ട്രിപ്പിളടിച്ചുമൊക്കെയാണ് ഇവരുടെ യാത്ര നഗരത്തിൽ സ്ഥിരം കാഴ്ചയാണ്.

രാവിലെയും വൈകിട്ടും സ്‌കൂൾ - കോളേജ് സമയങ്ങളിലും രാത്രി ഏഴിന് ശേഷവുമാണ് കാതടപ്പിക്കുന്ന ശബ്ദമുള്ള രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ ഫ്രീക്കന്മാർ പ്രത്യക്ഷപ്പെടുന്നത്. കോളേജ് ജംഗ്ഷൻ, കർബല, ക്യു.എ.സി റോഡ്, ആശ്രാമം , ചിന്നക്കട, എസ്.എൻ കോളേജ്, എസ്.എൻ വനിത കോളേജ്, ഫാത്തിമ കോളേജ് എന്നിവിടങ്ങളിലാണ് ശല്ല്യം കൂടുതലായുള്ളത്.

ബൈക്കുകൾ രൂപമാറ്റം വരുത്തി നൽകുന്ന വർക്ക് ഷോപ്പുകൾ നഗരത്തിൽ യഥേഷ്ടം പ്രവർത്തിക്കുന്നുണ്ട്. നേരത്തെ മോട്ടോർ വാഹനവകുപ്പ് പലതവണ ഇത്തരം വർക്ക് ഷോപ്പുകൾക്കെതിരെ നടപടിയെടുത്തിരുന്നു. പരിശോധന കുറഞ്ഞതോടെ ഇവ വീണ്ടും സജീവമായി.

പൊലീസ് പരിശോധന കുറഞ്ഞു

 പൊലീസ് - എം.വി.ഡി പരിശോധന ശക്തമായിരുന്നപ്പോൾ അമിതവേഗത്തിന് പൂട്ട് വീണിരുന്നു

 ഇവർ മറ്റ് പരിശോധനകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഫ്രീക്കന്മാർ വീണ്ടും തലപൊക്കി

 ബൈക്കുകളിൽ ചീറിപ്പായുന്നവരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളും

 ഈസ്റ്റ് സ്‌റ്റേഷൻ പരിധിയിലാണ് രാത്രിയിൽ ബൈക്ക് റേസിംഗ് സംഘങ്ങൾ കൂടുതലും

 പുതുതലമുറ ബൈക്കുകളിലാണ് നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തുന്നത്

 ഇത്തരം വർക്ക് ഷോപ്പുകളും നഗരത്തിൽ സജീവം

വർക്ക് ഷോപ്പുകൾ ഈടാക്കുന്നത്

5000 മുതൽ 75000 രൂപ വരെ

അഭ്യാസം ഇൻസ്റ്റഗ്രാമിലും

അപകടകരമായ ബൈക്ക് സ്റ്റണ്ടിംഗും റേസിംഗും റീലുകളായി ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യലാണ് ഫ്രീക്കന്മാരുടെ രീതി. റീച്ച് കൂട്ടാനുള്ള വഴിയായിട്ടാണ് ഇവർ ഇതിനെ കാണുന്നത്. മുമ്പ് ഇത്തരം വീഡിയോകളിൽ നിന്ന് ഇരുച്ചക്രവാഹനം കണ്ടെത്തി പിഴ ഈടാക്കുകയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഗതാഗത നിയമങ്ങൾ ബാധകമല്ലെന്ന തരത്തിലാണ് പലപ്പോഴും നഗരത്തിലൂടെ ഫ്രീക്കന്മാർ പായുന്നത്. ഇത്തരം വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

നാട്ടുകാർ