തൊടിയൂർ: കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ റെയിൽവേ മേൽപ്പാലം നാളെ വൈകിട്ട് 3ന് പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ.അറിയിച്ചു.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവരും എം.എൽ.എയും ത്രിതല പഞ്ചായത്തംഗങ്ങളും പങ്കെടുക്കും. കഴിഞ്ഞ 2ന് പാലം ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പുണ്ടായെങ്കിലും പിന്നീട് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി തന്നെ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഇടപെടാനിറങ്ങിയതോടെ പാലത്തിന്റെ ഉദ്ഘാടനം നീളുകയായിരുന്നു. പാലം ഗതാഗതത്തിന് തുറന്നു നൽകണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും സമരപരിപാടികളുമായി രംഗത്തെത്തി. ഇതോടെ എത്രയും വേഗം പാലം ഗതാഗതത്തിന് തുറന്നു നൽകാൻ തീരുമാനിക്കുകയായിരുന്നു.
ആർ.രാമചന്ദ്രൻ എം.എൽ.എ ആയിരുന്ന സമയത്ത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ അനുവദിച്ചുകിട്ടിയ മൂന്നു മേൽപ്പാലങ്ങളിൽ ആദ്യത്തേതണ് മാളിയേക്കൽ മേൽപ്പാലം. 547 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമ്മാണച്ചെലവ് 33.04 കോടിയാണ്. പൈൽ, പൈൽ ക്യാപ്പ്, ഡക്ക് സ്ലാബ് എന്നിവ കോൺക്രീറ്റിലും പിയർ, പിയർ ക്യാപ്പ്, ഗർഡറുകൾ എന്നിവ സ്റ്റീലിലുമാണ് നിർമ്മിച്ചിട്ടുള്ളത്. പാലത്തിന്റെ വടക്ക് ഭാഗത്ത് നടപ്പാതയും താഴെ സർവീസ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്. സോളാർ ലൈറ്റുകളാണ് പാലത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
ദുരിതങ്ങൾക്ക് പരിഹാരം
2021 ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചത്. പാലം പണി ആരംഭിച്ചതോടെ മാരാരിത്തോട്ടത്തെ രണ്ടു ലെവൽ ക്രോസുകളിലും ഇടക്കുളങ്ങളര ലെവൽ ക്രോസിലും കുടുങ്ങി ജനങ്ങൾ അനുഭവച്ചിരുന്ന ബുദ്ധിമുട്ടുകൾക്ക് പാലം തുറക്കുന്നതോടെ ശമനമാകും. പ്രദേശവാസികൾ അടക്കമുള്ളവരുടെ ദീർഘകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.