photo
നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കുറുമ്പാലൂർ വാർഡിൽ രണ്ടര വർഷം മുൻപ് നിർമ്മിച്ച പൂങ്ങോട്ട്- പനന്തോട്ടം കോളനി റോഡ്

കാെട്ടാരക്കര: നാട്ടുകാരൊന്നി​ച്ച് റോഡുകളുണ്ടാക്കി​ രണ്ടര വർഷം കഴി​ഞ്ഞി​ട്ടും കോൺക്രീറ്റ് ചെയ്യാൻ അധി​കൃതർ തയ്യാറാവുന്നി​ല്ല.

നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കുറുമ്പാലൂർ വാർഡിലാണ് വലിയ പ്രതീക്ഷയോടെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡുകൾ നിർമ്മിച്ചത്. പൂങ്ങോട്ട്- പനന്തോട്ടം കോളനി റോഡ്, നാല് സെന്റ് കോളനി റോഡ്, മലയിൽപാറ- പനന്തോട്ടം റോഡ് എന്നിവയാണ് ഏറെ നാളത്തെ പരി​ശ്രമങ്ങൾക്കൊടുവി​ൽ പൂർത്തി​യാക്കി​യത്. പൊതുമരാമത്ത് വകുപ്പിന്റെ മൂർത്തിക്കാവ്- മനക്കരക്കാവ് റോഡിൽ നിന്ന് പൂങ്ങോട്ട്, പനന്തോട്ടം ഭാഗങ്ങളിലേക്ക് പോകാനായി നൂറ്റാണ്ടുകൾക്ക് മുൻപേയുള്ള നടവഴിയാണ് ഉണ്ടായിരുന്നത്. ഈ ഭാഗത്ത് കൂടുതലും പട്ടികജാതി കുടുംബങ്ങളാണ് താമസിക്കുന്നത്. നടപ്പാതയിലൂടെ കുട്ടി​കൾ ഉൾപ്പെടെയുള്ളവർ സാഹസിക യാത്രയാണ് നടത്തി​യി​രുന്നത്. ചെറുതും വലുതുമായ കല്ലുകൾ ഈ നടപ്പാതയിൽ ഉയർന്ന് നിന്നിരുന്നു. തികച്ചും ദുരിതത്തിലായിരുന്നു പ്രദേശവാസി​കൾ.

നെടുവത്തൂർ ഗ്രാമപഞ്ചായത്തിലേക്ക് വാർഡിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട സന്തോഷ് കുമാർ മുൻകൈയെടുത്ത് റോഡ് നിർമ്മിക്കാൻ തയ്യാറായപ്പോൾ നാട്ടുകാരും ഒപ്പം ചേർന്നു. പലരും ഭൂമി വിട്ടുനൽകി. വില കൊടുത്തു വാങ്ങേണ്ടിയും വന്നു. മൂന്നര ലക്ഷം രൂപ സംഭാവന ഇനത്തിൽ ലഭിച്ചു. 2022 ജനുവരിയിൽ മതിയായ വീതിയിൽ റോഡുകൾ നിർമ്മിച്ചെവെങ്കിലും യാത്രാ ദുരിതം മാറിയിട്ടില്ല.

കോൺക്രീറ്റ് ചെയ്യണം

പൂങ്ങോട്ട്- പനന്തോട്ടം റോഡിനായി 3 കിലോ മീറ്ററോളമാണ് ശ്രമദാനം ചെയ്തത്. നാല് സെന്റ് കോളനിയിലേക്ക് 600 മീറ്ററും മലയിൽ പാറയിലേക്ക് അര കിലോ മീറ്ററും പുതുതായി റോഡ് നിർമ്മിച്ചു. കുന്നിടിച്ചും കുഴികൾ നികത്തിയുമൊക്കെ റോഡ് തയ്യാറാക്കി. ചില ഭാഗങ്ങൾ കുത്തനെയുള്ളതാണ്. കുറവൻചിറയ്ക്ക് സമീപം പനന്തോട്ടം കോളനിയിലേക്കുള്ള റോഡ് തുടങ്ങുന്നിടത്ത് വാഹനം ഇറക്കാൻ പറ്റാത്ത വിധം താഴ്ചയാണ്. ഇവിടെ കോൺക്രീറ്റ് നടത്താതെ റോഡായി ഉപയോഗിക്കാനാകില്ല. മറ്റ് ഭാഗങ്ങളിലും സമാന സ്ഥിതിയാണ്. വയൽ ഭാഗങ്ങളായതിനാൽ ടാറിംഗ് നടത്തിയാൽ ഇളകിപ്പോകും. കോൺക്രീറ്റാണ് ഉചിതം. എന്നാൽ ഇതിന് നാളിതുവരെ തുക അനുവദിച്ചിട്ടില്ല.