ചാത്തന്നൂർ: തളിരിലകൾ തിന്നും തണ്ട് തുരന്നും നെല്ല് നശിപ്പിക്കുന്ന ഓലചുരുട്ടിപ്പുഴുവിന്റെ മുട്ടകൾ അകത്താക്കാൻ വിരിയാൻ വെമ്പുകയാണ് കുഞ്ഞൻ കടന്നലുകൾ!. ട്രൈക്കോഗ്രാമ്മ കിലോണിസ് എന്ന് പരത്തിയെഴുതുകയും ട്രൈക്കോകാർഡ് എന്ന് ചുരുക്കി പറയുകയും ചെയ്യുന്ന ഒരുതരം ചെറിയ കടന്നലുകളുടെ മുട്ടകളാണ് നെെൽപ്പാടത്ത് വിരിയാനായി കർഷകർ നിക്ഷേപിച്ചത്.
കടന്നലാണെങ്കിലും ആള് നിരുപദ്രവകാരികളും കർഷകർക്ക് ഉപകാരിയുമാണ്. ഓലചുരുട്ടിപ്പുഴുവിന്റെ മുട്ടകളാണ് ഇവ ഭക്ഷണമാക്കുക. ഇതിലൂടെ കീട ശല്യം നിയന്ത്രിക്കാനാകും.
ചിറക്കര കൃഷിഭവൻ പരിധിയിലെ തേമ്പ്ര ഏലായിലെ കർഷകൻ ബി.എസ്.അനിൽകുമാറിന്റെ കൃഷിയിടത്തിലാണ് മുട്ടക്കാർഡുകൾ നിക്ഷേപിച്ചത്.
ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.സജില പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഉളിയനാട് ജയൻ, കൃഷി ഓഫീസർ എസ്.ശിൽപ്പ, കൃഷി അസിസ്റ്റന്റ് ഡി.എസ്. വർഷ, രാജേഷ്, ലീഡ്സ് ഫീൽഡ് അസിസ്റ്റന്റ് സന്ധ്യ, അർപ്പിത കൃഷിക്കൂട്ടം സെക്രട്ടറി പി.തുളസീധരൻ, കർഷകത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
കീടങ്ങളെ നിയന്ത്രിക്കാൻ ജൈവോപാധി
അരയേക്കറിലേക്ക് 16 തുണ്ടുകളുള്ള ഒരുകാർഡ് മതി
കടന്നൽ വർഗത്തിലെ മിത്രകീടങ്ങളുടെ മുട്ടയാണ് കാർഡിലുള്ളത്
മുട്ടകൾ വിരിഞ്ഞിറങ്ങുന്ന ലാർവകൾ പുഴുക്കളുടെ വംശനാശം ഉറപ്പാക്കും
നെല്ല് നട്ട് 15-ാം ദിവസം മുതൽ 10 ദിവസം ഇടവിട്ട് ആറ് പ്രാവശ്യം വരെ ട്രൈക്കോ കാർഡുകൾ വയ്ക്കാം
ബയോ കൺട്രോൾ ലാബ്, പാരസൈറ്റ് ബ്രീഡിംഗ് ലാബ് തുടങ്ങി സാങ്കേതിക വിദഗ്ദ്ധരും ലബോറട്ടറി സൗകര്യങ്ങളുമുള്ള കേന്ദ്രങ്ങളിലാണ് കാർഡുകളുടെ ഉത്പാദനം
ഒരു കാർഡിൽ മുട്ടകൾ- 20000
ചിറക്കര കൃഷിഭവന്റെ ലീഡ്സ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുട്ടക്കാർഡുകൾ നിക്ഷേപിച്ചത്. ജൈവ കീടനിയന്ത്രണം മറ്റ് ഏലാകളിലേക്കും വ്യാപിപ്പിക്കും.
ടി.ആർ.സജില
ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്