കൊല്ലം: കോടതിയിൽ ഹാജരാക്കുന്നതിനിടെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതിക്കായുള്ള അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം അഡിഷണൽ സെഷൻസ് കോടതി രണ്ടിൽ നിന്ന് ചാടിപ്പോയ പ്രതി അഭിജിത്തിനായുള്ള തെരച്ചിലാണ് അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്. അഭിജിത്ത് സംസ്ഥാനം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു.

കോടതിയിൽ നിന്ന് രക്ഷപ്പെട്ട് പരവൂരിലെ വീട്ടിലെത്തി വസ്ത്രങ്ങൾ ഉൾപ്പടെ എടുത്ത ശേഷമാണ് രക്ഷപ്പെട്ടത്. ഇയാൾ പരവൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗം തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് പൊലീസ് കണ്ടെത്തി. റെയിൽവേ സ്‌റ്റേഷനിൽ അഭിജിത്ത് നിൽക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. അഭിജിത്തിന് രക്ഷപ്പെടാൻ പുറത്തുനിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതുൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം അഭിജിത്ത് തമിഴ്‌നാട്ടിൽ നിന്ന് ബന്ധുക്കളെ ബന്ധപ്പെട്ടതായും സൂചനയുണ്ട്. അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന വെസ്റ്റ് പൊലീസിന്റെയും പരവൂർ പൊലീസിന്റെയും നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് പൊലീസിന്റെയും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സഹായം തേടി. കോടതിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടതിനൊപ്പം വീട്ടിലെത്തി വസ്ത്രങ്ങളുമായി രക്ഷപ്പെട്ടതും പൊലീസിനെ ചോദ്യമുനയിൽ നിർത്തുന്നുണ്ട്.

പൊലീസുകാർക്കെതിരെ

നടപടി വന്നേക്കും

പ്രതിക്കൊപ്പം കോടതിയിലുണ്ടായിരുന്ന എ.ആർ ക്യാമ്പിലെ നാല് പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് പ്രതി കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അശ്ലീല പദപ്രയോഗം നടത്തിയ ഇയാളെ കഴിഞ്ഞ 2 നാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് ജഡ്ജിയുടെ ചേംബറിന് അടുത്തുള്ള കോടതി ജീവനക്കാർ ഉപയോഗിക്കുന്ന വാതിലിലൂടെ പ്രതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.