പുനലൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ കണ്ണിന് ചികിത്സ തേടിയെത്തിയ വൃദ്ധനെ സെക്യൂരിറ്റി ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ ചാലിയക്കര സ്വദേശിയായ ബേബിക്കാണ് (61) മർദ്ദനമേറ്റത്. ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ പ്രവേശിക്കുന്നതിനിടെയാണ് വൃദ്ധനെ മർദ്ദിച്ചത്. നെറ്റിയുടെ ഭാഗത്ത് പരിക്കേറ്റ വൃദ്ധനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവം കണ്ട കൂട്ടിരിപ്പുകാർ ചോദ്യം ചെയ്തെങ്കിലും സെക്യൂരിറ്റി ജീവനക്കാർ മോശമായി സംസാരിച്ചതായും ആരോപണം ഉയർന്നു. എന്നാൽ മദ്യപിച്ചെത്തിയ വൃദ്ധനെ തടയാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തറയിൽ വീഴുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചു. നേരത്തെ നിരവധി തവണ താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗികളെയും കൂട്ടിരിപ്പുകാരെയും സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ ആശുപത്രി ജീവനക്കാർ തടഞ്ഞിരുന്നു.