കൊല്ലം: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ റെയിൽവേ മേൽപ്പാലത്തിലെ (ആർ.ഒ.ബി) കുഴികൾ പ്രതിദിനം പെരുകിയിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്റെ അധീനതയിലുള്ള ഈ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാത കടന്നു പോകുന്നുണ്ട്. ഭാരവാഹനങ്ങൾ ഉൾപ്പെടെ പോകുന്നതിനാൽ പാലത്തിന് ബലക്ഷയം ഉണ്ടാവാനുള്ള സാദ്ധ്യതയും ഏറെ.

എസ്.എൻ കോളേജിന് സമീപത്തു നിന്ന് ഡി.സി.സി ഓഫീസിന് മുൻവശം വരെയുള്ള റോഡിൽ കുഴികൾ ഒഴിഞ്ഞ ഇടങ്ങളില്ല. കൊല്ലം ബീച്ച്, ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, എസ്.എൻ കോളേജ് ഉൾപ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരുവനന്തപുരത്തേക്കുമുള്ള റോഡാണിത്. പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പ്ലേറ്റുകളും ഇളകിയ നിലയിലാണ്. റോഡിൽ ചെറുതും വലുതുമായി ഇരുപതിലേറെ കുഴികളുണ്ട്. പാലത്തിലൂടെ സ്വകാര്യബസ് സർവീസുമുണ്ട്. ചില കുഴികൾ ഗർത്തങ്ങളായി മാറി. ഇരുചക്ര വാഹന യാത്രികരാണ് വലിയ ഭീഷണി നേരിടുന്നത്. എത്രയും വേഗം റോഡിലെ കുഴികൾ അടയ്ക്കണമെന്നാണ് നാടിന്റെ ആവശ്യം.


നവീകരിച്ച ഭാഗങ്ങൾ

ഒരു വർഷം കൊണ്ട് ഓർമ്മ!

കുഴികൾ നിറഞ്ഞതിനെ തുടർന്ന് 2022 മാർച്ചിൽ 20 ദിവസത്തോളമെടുത്ത് പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയും എക്‌സ്പാൻഷൻ ജോയിന്റുകൾ ബലപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കഴിഞ്ഞ വർഷം സെപ്തംബറിൽ നാശമായി. രണ്ട് വർഷമാകാറായിട്ടും നന്നാക്കാൻ യാതൊരു നടപടിയുമില്ല. കഴിഞ്ഞ ഡിസംബർ 19ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഈ പാലത്തിലൂടെ നവകേരളസദസിന്റെ ഭാഗമായി കടന്ന് പോകുന്നതിനു മുന്നോടിയായി പാലത്തിൽ വഴിപാട് കുഴി അടയ്ക്കൽ നടത്തിയിരുന്നു. ഇത് കനത്ത മഴയിൽ ഒലിച്ചിറങ്ങി!

രണ്ടു മരണം

ആർ.ഒ.ബി റോഡിൽ ഒരു വർഷത്തിനിടെ പത്തിലധികം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽപ്പെടുന്നവരിൽ അധികവും ഇരുചക്രവാഹന യാത്രക്കാരാണ്. മതിയായ വെളിച്ചമില്ലാത്തത് മൂലം രാത്രിയിൽ കുഴികളിൽ വാഹനങ്ങൾ വീണ് നിയന്ത്രണം തെറ്റിയാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്.

ആർ.ഒ. ബി റോഡിന്റെ റീടാറിംഗിനുള്ള ടെണ്ടർ നടപടികൾ അവസാനഘട്ടത്തിലാണ്. സർക്കാർ ഫണ്ട് 41ലക്ഷം രൂപയാണ്. മുൻപ് മൂന്ന് തവണ ടെണ്ടർ നടപടികളിലേക്ക് കടന്നിരുന്നെങ്കിലും ഏറ്റെടുക്കാൻ ആളുണ്ടായില്ല. ഇതാണ് റീടാറിംഗ് വൈകാൻ ഇടയാക്കിയത്


പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അധികൃതർ