പടിഞ്ഞാറെകല്ലട: കുന്നത്തൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ചക്കുവള്ളിയിൽ നിന്ന് ശാസ്താംകോട്ടയിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. 2011ലാണ് കുന്നത്തൂർ സബ് ആർ.ടി. ഓഫീസ് ചക്കുവള്ളിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽതാലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിലേക്ക് ആർ.ടി.ഓഫീസ് മാറ്റുവാനുള്ള തീരുമാനം ചക്കുവള്ളിയിലെ ജനങ്ങൾക്കിടയിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ചക്കുവള്ളിയിൽ സ്ഥലം കണ്ടെത്തി

ചക്കുവള്ളിയിലെ പൊലീസ് സ്റ്റേഷന്റെ സ്ഥലത്തെ ക്വാർട്ടേഴ്സിനോട് ചേർന്ന് കിടക്കുന്ന 50 സെന്റ് സ്ഥലം ആർ.ടി. ഓഫീസ് നിർമ്മിക്കാൻ റവന്യൂ വകുപ്പ് സർക്കാരിലേക്ക് ശുപാർശ തയ്യാറാക്കി അയച്ചെങ്കിലും ആഭ്യന്തര വകുപ്പ് തടസവാദം ഉന്നയിച്ചു. ആർ.ടി ഓഫീസ് പണിയുവാനായി ചക്കുവള്ളിയിൽ പുതിയ സ്ഥലം കണ്ടെത്തിയതിനെ തുടർന്നാണ് ശാസ്താംകോട്ടയിലേക്ക് ആർ.ടി ഓഫീസ് മാറ്റണമെന്ന് ആവശ്യം വീണ്ടും ഉയരുന്നത്.

12 കോടിയുടെ മിനി സിവിൽ സ്റ്റേഷൻ

ശാസ്താംകോട്ടയിൽ

സംസ്ഥാന സർക്കാർ ശാസ്താംകോട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ സൊസൈറ്റി കരാർ ഏറ്റെടുത്തിട്ടുള്ളതുമാണ്.ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കണം. ടൗണിന്റെ ഹൃദയഭാഗത്ത് അഞ്ച് നിലകളിലായി നിർമ്മിക്കുന്ന സിവിൽ സ്റ്റേഷന്റെ പ്രാഥമിക നിർമ്മാണ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ഇതിൽ ഒന്നാം നിലയിൽ സബ് ആർ.ടി.ഓഫീസിനായി 138 ചതുരശ്ര മീറ്റർ സ്ഥലം പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി അറിയുന്നു.

ഓഫീസുകൾ

ഒരു കുടക്കീഴിൽ

ആവശ്യത്തിലധികം സൗകര്യങ്ങൾ ശാസ്താംകോട്ടയിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ഉണ്ടായിട്ടും ചക്കുവള്ളിയിൽ വേറെ കെട്ടിടം നിർമ്മിക്കുന്നത് സർക്കാരിന് നഷ്ടമുണ്ടാക്കുമെന്ന് നാട്ടുകാ‌ർ ഫറയുന്നു .സിവിൽ സ്റ്റേഷന്റെ പണിപൂർത്തീകരിക്കുന്നത് വരെ ശാസ്താംകോട്ടയിലെ നിലവിലെ സിവിൽ സ്റ്റേഷനിലേക്ക് ആർ.ടി ഓഫീസ് മാറ്റണമെന്ന് അഭിപ്രായവും ജനങ്ങൾക്കിടയിണ്ട്. കൂടാതെസർക്കാർ ഓഫീസുകൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ വരുന്നതോടുകൂടി വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾക്ക് ഏറെ പ്രയോജനകരവുമാകും.