ശാസ്താംകോട്ട: റെയിൽവേ സ്‌റ്റേഷനും പരിസരവും കാടുമൂടിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് യാത്രക്കാർ. ആദർശ് പദവി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പരിമിതികളുടെ നടുവിൽ വീർപ്പുമുട്ടുകയാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ. രണ്ടു പ്ലാറ്റുഫോമിന്റെയും വശങ്ങൾ കാടുമൂടി കിടക്കുകയാണ്. ഇഴജന്തുക്കളെയും തെരുവ് നായ്ക്കളെയും ഭയന്ന് വേണം യാത്രക്കാർക്ക് പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാൻ.
ഇടപെടാതെ റെയിൽവേ
നൂറുകണക്കിന് യാത്രക്കാർ ദിവസേന എത്തുന്നുവെങ്കിലും കാടുവെട്ടി മാറ്റുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലെന്ന് അധികൃതർ പറയുന്നു. സ്ഥിരം യാത്രക്കാർ സംഘടിച്ച് കാടുവെട്ടാൻ തയ്യാറാണെങ്കിലും റെയിൽവേയുടെ അനുമതി കിട്ടുന്നതിൽ സാങ്കേതിക തടസമുണ്ട്.
അസൗകര്യങ്ങൾ മാത്രം
ട്രെയിൻ വരുന്ന സമയത്തു മാത്രമേ പ്ലാറ്റ്ഫോമിലെ വിളക്കുകൾ കത്തിക്കാറുള്ളു. അതിനാൽ രാത്രിയിലെത്തുന്ന യാത്രക്കാരാണ് കൂടുതൽ വലയുന്നത്. ഒരു കിലോമീറ്ററിലധികം നീളമുള്ള പ്ലാറ്റ്ഫോമിൽ മേൽക്കൂരയുള്ളത് അമ്പത് മീറ്ററിൽ താഴെ മാത്രമാണ്. സ്റ്റേഷന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിട്ട് ഒരു വർഷമായെങ്കിലും യാത്രക്കാർക്കായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. പ്രഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും കുടിവെള്ള സൗകര്യവും പരിമിതമാണ്.