 തടയാൻ ശ്രമിച്ച സഹോദരന് കുത്തേറ്റു


പരവൂർ: സി.പി.എം പരവൂർ കല്ലുംകുന്ന് ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരേ ആക്രമണം നടത്തി. സഹോദരനെ കുത്തിപരിക്കേൽപ്പിച്ചു. കല്ലുംകുന്ന് ബ്രാഞ്ച് സെക്രട്ടറി ശെൽവന്റെ വീടിന് നേരെയായിരുന്നു ആക്രമണം. ഇയാളുടെ സഹോദരൻ ശിവകുമാറിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.45നായിരുന്നു സംഭവം.

നിരവധി ക്രിമിനൽ കേസിലെ പ്രതിയും ലഹരിക്കേസിലെ പ്രതിയുമായ പരവൂർ ശാസ്താക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷംനാദാണ് ആക്രമണം നടത്തിയത്. ശെൽവന്റെ വീടിന് മുന്നിലിരുന്ന സഹോദരൻ ശ്രീകുമാറിന്റെ മകന്റെ ബൈക്ക് അടിച്ചുതകർത്തു. ശബ്ദം കേട്ട് ഇറങ്ങിവന്ന ശ്രീകുമാറിന്റെ മകനെ പ്രതിയായ ഷംനാദ് ഇഷ്ടിക ഉപയോഗിച്ച് മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് നിന്ന് പോയ പ്രതി പത്ത് മിനിറ്റിന് ശേഷം മാതാവുമായി സ്ഥലത്ത് തിരിച്ചെത്തി ശെൽവന്റെ വീട് ആക്രമിക്കുകയും സ്ത്രീകളുൾപ്പെടെയുള്ളവരെ മർദ്ദിക്കുകയും ചെയ്തു. സംഭവം ശിവകുമാർ പൊലീസിൽ അറിയിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിൽ പ്രതിയായ ഷംനാദ് ശിവകുമാറിനെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ലഹരികച്ചവടവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയതിന്റെ വിരോധമാണ് ബ്രാഞ്ച് സെക്രട്ടറിയായ ശെൽവന്റെ വീട് ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പരാതി നൽകുന്നവരെ ആക്രമിക്കുന്നതാണ് ഷംനാദിന്റെ രീതിയെന്ന് നാട്ടുകാർ പറഞ്ഞു. പ്രതി ഷംനാദിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പരവൂർ പൊലീസ് പറഞ്ഞു.