ഓടനാവട്ടം: വെളിയം റീജിയണൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മറച്ചുവെക്കാനാണെന്നും സാബുവിന് വെട്ടേറ്റതായി പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി അറിയിച്ചു. 13 അംഗ ഭരണസമിതിയിലേക്ക് പത്തുപേരായിരുന്നു ബി.ജെ. പി സ്ഥാനാർത്ഥികൾ. മൂന്ന് പേർ എതിരില്ലാതെ എൽ.ഡി.എഫ് പാനലിൽ തിരഞ്ഞെടുത്തിരുന്നു. വെളിയം ടി.വി.ടി. എം ഹൈസ്കൂളിൽ രാവിലെ 8 മുതൽ ആയിരുന്നു പോളിംഗ്. പകൽ 12 മണിയോടെ ബി.ജെ.പി സ്ഥാനാർത്ഥി സാബു കൃഷ്ണയുടെ നേതൃത്വത്തിൽ പ്രവർത്തകർ ബൂത്തിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. പൊലീസ് സംഭവ സ്ഥലത്ത് നിന്നും ഇരുകൂട്ടരേയും നീക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ മൂവായിരത്തിലധികം വോട്ടുകൾ നേടി ഇടതുപക്ഷ സ്ഥാനാർത്ഥികൾ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ്‌ ആർ.ബിനോജ്, സെക്രട്ടറി ആർ.പ്രേമചന്ദ്രൻ എന്നിവർ അറിയിച്ചു.