കൊല്ലം: മൺറോത്തുരുത്തിനെയും പടിഞ്ഞാറേകല്ലടയെയും ബന്ധിപ്പിച്ച് കല്ലടയാറ്റിലെ കണ്ണങ്കാട് കടവിൽ നിർമ്മിക്കുന്ന പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചിറ്റുമല ബ്ലോക്ക് ഓഫീസിൽ യോഗം നടന്നു.
ഭൂമി ഏറ്റെടുക്കാൻ 2021ൽ 6 (1) നോട്ടിഫിക്കേഷൻ വന്നെങ്കിലും ഭൂവുടമകൾ ഉയർത്തിയ പരാതികളും രേഖകൾ ഹാജരാക്കുന്നതിൽ വരുത്തുന്ന കാലതാമസവും പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളുമാണ് നിർമ്മാണം നീളാാൻ കാരണമെന്ന് തഹസീൽദാർ അറിയിച്ചു ആഗസ്റ്റ് 30 വരെ ഭൂവുടമകൾക്ക് രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചു. ആവശ്യമായ രേഖകൾ ഹാജരാക്കിയവർക്ക് ഒക്ടോബർ 15നുള്ളിൽ നഷ്ടപരിഹാരം നൽകും. ആഗസ്റ്റ് 30 വരെ രേഖകൾ ഹാജരാക്കാത്തവരുടെ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവയ്ക്കാനും തീരുമാനിച്ചു. നവംബറിൽത്തന്നെ പാലത്തിന്റെ ടെണ്ടർ നടപടികളിലേക്ക് കടക്കണമെന്ന് കെ.ആർ എഫ്.ബിക്ക് എം.എൽ.കെ നിർദ്ദേശം നൽകി. യോഗത്തിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഉണ്ണിക്കൃഷ്ണൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. ജയചന്ദ്രൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം രതീഷ് മൺറോത്തുരുത്ത് തുടങ്ങിയവർ പങ്കെടുത്തു.