കൊല്ലം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ 2024 ലെ എൻ.ഐ.ആർ.എഫ് ദേശീയ റാങ്കിംഗിൽ അമൃത വിശ്വവിദ്യാപീഠം ഇത്തവണയും ഏഴാം റാങ്ക് നിലനിറുത്തി. തുടർച്ചയായ ഏഴാം വർഷമാണ് രാജ്യത്തെ മികച്ച പത്ത് സർവകലാശാലകളുടെ പട്ടികയിൽ അമൃത സർവകലാശാല ഇടംപിടിക്കുന്നത്.

ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്.

ഓവറോൾ വിഭാഗത്തിൽ 18 ാം സ്ഥാനവും അമൃത വിശ്വവിദ്യാപീഠം സ്വന്തമാക്കി. ഫാർമസി വിഭാഗത്തിൽ കൊച്ചിയിലെ അമൃത സ്‌കൂൾ ഒഫ് ഫാർമസി 13-ാം റാങ്കും ഡെന്റൽ കോളേജുകളുടെ വിഭാഗത്തിൽ കൊച്ചി അമൃത സ്‌കൂൾ ഒഫ് ഡെന്റിസ്ട്രി ഡെന്റൽ കോളേജ് 14 -ാം റാങ്കും നേടി. എൻജിനിയറിംഗ് (23), മാനേജ്‌മെന്റ് (28) വിഭാഗങ്ങളിലും മികച്ച റാങ്കുകളാണ് അമൃത കരസ്ഥമാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് റാങ്കുകൾ പ്രഖ്യാപിച്ചത്.