തൊടിയൂർ: ഒരുപഞ്ചായത്തിൽ നാല് റെയിൽവേ മേല്പാലങ്ങൾ! നാല് എന്ന് തീർത്ത് പറയാൻ കഴിയില്ല, മൂന്നര എന്ന് പറയേണ്ടിവരും. കാരണം നാലാമത്തെ മേല്പാലം മറ്റൊരു പഞ്ചായത്തുമായി അതിരിടുന്നിടത്താണ് ഉയരുക. തൊടിയൂർ ഗ്രാമപഞ്ചായത്തിലാണ് 4 മേല്പാലങ്ങളും നിർമ്മിക്കുന്നത്. എന്നാൽ തൊടിയൂരിനോട് ചേർന്ന് കിടക്കുന്ന ചിറ്റുമൂലപ്രദേശം തഴവ പഞ്ചായത്തിന്റെ അതിർത്തി കൂടിയായതിനാൽ പാലത്തിന്റെ പകുതി തഴവയുടെ മണ്ണിലാകും.
മാളിയേക്കൽ മേല്പാലം
ഇന്ന് വൈകിട്ട് 3ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗതാഗതത്തിന് തുറന്നു നൽകും.
ഇടക്കുളങ്ങരയിൽ
രണ്ടാമത്തെ മേല്പാലം നിർമ്മിക്കുന്നത് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തെക്കുവശത്ത് ഇടക്കുളങ്ങര ലെവൽ ക്രോസിലാണ്. ( കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് തൊടിയൂർ പഞ്ചായത്തിലാണ് ) ഇവിടെ സ്ഥലം ഏറ്റെടുക്കൽ,മണ്ണുപരിശോധ തുടങ്ങിയ കാര്യങ്ങൾ പൂർത്തിയായി. പ്രധാനമന്ത്രി ഓൺലൈനായാണ് ഇവിടത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടം ചെയ്തത്.
ചിറ്റുമൂലയിലും
ചിറ്റുമൂലയിലും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പൂർത്തിയായി. വൈകാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
ചിറ്റുമൂല റോഡിൽ
ഏറ്റവും ഒടുവിൽ നിർമ്മാണാനുമതി ലഭിച്ചിട്ടുള്ളത് തൊടിയൂർ പി.എച്ച്.സി ജംഗ്ഷൻ - ചിറ്റുമൂല റോഡിലെ ലെവൽ ക്രോസിലെ മേല്പാലത്തിനാണ്. ഓരോ മേല്പാലത്തിന്റെയും നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുന്നോ, നാലോ വർഷങ്ങൾ വേണ്ടിവന്നേക്കും.
ലെവൽ ക്രോസിൽ അടിപ്പാത വേണം
ചിറ്റുമൂല മുതൽ മാരാരിത്തോട്ടം ക്ഷേത്രത്തിന് വടക്കുവശം വരെ 9 ലെവൽ ക്രോസുകളാണ് തൊടിയൂർ പഞ്ചായത്തിൽ ഉണ്ടായിരുന്നത്. ഇതിൽ റെയിൽവേ സ്റ്റേഷന് തെക്കുവശത്തെയും മാരാരിത്തോട്ടം ക്ഷേത്രത്തിന് കിഴക്കുവശത്തെയും ലെവൽ ക്രോസുകൾ നേരത്തെ അടച്ചു പൂട്ടി. ക്ഷേത്രത്തിന് കിഴക്ക് വശത്തെ ലെവൽ ക്രോസിൽ അടിപ്പാത നിർമ്മിച്ച് ഗതാഗത സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.