കൊല്ലം: റോബോട്ടിക് സാങ്കേതികവിദ്യകളുടെ സാദ്ധ്യതകളുമായി ജനങ്ങളെ വിസ്മയിപ്പിക്കാൻ കൊല്ലം ഒരുങ്ങുന്നു. ദി ഓഷ്യൻ സംഘടിപ്പിക്കുന്ന പ്രദർശനത്തിന് 16ന് വൈകിട്ട് ആശ്രാമം മൈതാനിയിൽ തുടക്കമാകും. വൈകിട്ട് 5ന് സിനിമാ താരം മമ്താ മോഹൻദാസ് ഉദ്ഘാടനം ചെയ്യും.

കുട്ടികളെ ആവർഷിക്കുന്ന കൗതുകമുണർത്തുന്ന റോബോട്ടുകളുടെ ശേഖരമാണ് പ്രദർശനത്തിന്റെ പ്രധാന ആകർഷണം. തട്ടുപൊളിപ്പൻ ഗാനത്തിനൊപ്പം ചുവട് വയ്ക്കുകയും ഒപ്പം നടക്കുകയും ചെയ്യുന്ന റോബോ നായക്കുട്ടിയാണ് യന്തിരന്മാരിൽ താരം. കുട്ടികൾക്കുള്ള സംശയ നിവാരണത്തിന് വിദഗ്ദ്ധരും സാങ്കേതിക പ്രവർത്തകരും പ്രദർശന നഗരിയിലുണ്ടാകും.

250 അടി നീളമുള്ള ഗ്ലാസ് തുരങ്കത്തിൽ ഇതുവരെ കാണാത്ത കടൽ മീനുകളുടെ അപൂർവശേഖരവും പ്രദർശനത്തിലുണ്ട്. അരയ്ക്ക് മുകളിൽ മനുഷ്യരൂപവും താഴേക്ക് മത്സ്യത്തിന്റെ രൂപവുമുള്ള മത്സ്യകന്യക പ്രദർശനം കാണാനെത്തുന്നവരിൽ അത്ഭുതം സൃഷ്ടിക്കും.

ഇതിന് പുറമേ ഗൃഹോപകരണങ്ങൾ, തുണിത്തരങ്ങൾ എന്നിവ കുറഞ്ഞവിലയിൽ ലഭിക്കും. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള വ്യത്യസ്ത രുചിവൈവിദ്ധ്യങ്ങളടങ്ങിയ ഫുഡ് കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. വിജ്ഞാനത്തിനൊപ്പം വിനോദത്തിനും അവസരം നൽകാനായി കുട്ടികൾക്കും മുതിർന്നവർക്കുമായി അമ്യൂസ്‌മെന്റ് റെയ്ഡുകളും സജ്ജമായി. ശീതികരിച്ച പവലിയനാണ് പ്രദർശനത്തിനുള്ളത്. പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ സിദ്ദിഖ് കറുകപ്പിള്ളി, പ്രോഗ്രാം മാനേജർ സന്തോഷ്, മാർക്കറ്റിംഗ് ഹെഡ് ബിജു എബ്രഹാം, ഫയാസ് തുടങ്ങിയവർ പങ്കെടുത്തു.

പ്രവേശനം

രാവിലെ 11 മുതൽ രാത്രി 9 വരെ

(അവധി ദിവസങ്ങളിൽ)

മറ്റു ദിവസങ്ങളിൽ

ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെ

പ്രവേശന ഫീസ് ₹ 150

(അഞ്ച് വയസിന് മുകളിൽ)

സ്കൂൾ കുട്ടികൾക്ക് - 50 % ഇളവ്