കൊല്ലം: പോസ്റ്റ് ഓഫീസ് ദേശീയ സമ്പാദ്യപദ്ധതി പ്രകാരമുള്ള തുക പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാതെ തട്ടിപ്പ് നടത്തിയ യുവതിയെ റിമാൻഡ് ചെയ്തു. ഉളിയക്കോവിൽ വിദ്യാശാലനഗർ 207ൽ ഷൈലജയെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ സമ്പാദ്യ പദ്ധതി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

മഹിളാപ്രധാൻ ഏജന്റായി 2017മുതൽ 2022 ഡിസംബർ 31വരെ പ്രവർത്തിച്ചുവരികയായിരുന്നു. ഈ കാലയളവിൽ സമാഹരിച്ച തുക ഇവർ പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാതെ തട്ടിയെടുക്കുകയായിരുന്നു. നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയായതോടെ പിൻവലിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപകർ കൂട്ടത്തോടെ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

പോസ്റ്റ് ഓഫീസ് അധികൃതർ നടത്തിയ അന്വേഷണത്തിൽ 30 ലക്ഷം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി. അധികൃതർ വിവരം ദേശീയ സമ്പാദ്യ പദ്ധതി അധികൃതരെ അറിയിച്ചു. ഇവരാണ് പൊലീസിൽ പരാതി നൽകിയത്.