പൊട്ടിപ്പൊളിഞ്ഞിട്ട് ആറു വർഷം

കൊല്ലം: എസ്.എം.പി പാലസ് റോഡ് നാട്ടുകാരുടെ നടുവൊടിക്കാൻ തുടങ്ങി വർഷം ആറു കഴിഞ്ഞെങ്കിലും ഒന്നും ചെയ്യാതെ അധികൃതർ. റോഡിലെ മിക്കയിടത്തും ടാറിംഗ് കാണാനാവാത്ത നിലയിലാണ്.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ് ഈ റോഡ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രാദുരിതം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് റീ ടാർ ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. റോഡിന്റെ നടുവിലെ കുഴികളിൽ പലതിലും കമ്പികൾ തെളിഞ്ഞുകാണുന്ന നിലയിലാണ്. നഗരത്തിൽ ചിന്നക്കട റൗണ്ട് ചുറ്റാതെ എ.ആർ ക്യാമ്പ്, എസ്.എൻ കോളേജ്, കൊട്ടിയം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പോകാവുന്ന റോഡാണിത്. കുഴിയിൽ വീണ് അപകടങ്ങളിൽപ്പെടുന്നവരിലേറെയും ഇരുചക്രവാഹന യാത്രക്കാരും.

മുൻപ് റോഡ് റീടാർ ചെയ്യാൻ ടെണ്ടർ ഏറ്റെടുത്ത് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനിരുന്നതാണെങ്കിലും കോർപ്പറേഷന്റെ ഓടപണി ആരംഭിച്ചതോടെ ടാറിംഗ് നീണ്ടു. ഓട നിർമ്മാണം പൂർത്തിയായപ്പോഴേക്കും കരാർ കാലാവധി അവസാനിക്കുകയും കരാറുകാരൻ ടെണ്ടർ ഉപേക്ഷിക്കുകയും ചെയ്തു. എഫ്.സി.ഐ ഗോഡൗൺ, സഹകരണബാങ്ക്, പബ്ലിക്ക് ലൈബ്രറി, പൊലീസ് ക്ലബ്, പുതിയകാവ് ക്ഷേത്രം, കെ.എസ്. ഇ.ബി അസി.എൻജിനിയറുടെ കാര്യാലയം എന്നിവിടങ്ങളിലേക്കെത്തണമെങ്കിൽ ഈ തകർന്ന റോഡിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയാണ് .

കച്ചവടം നടപ്പാതയിൽ

എസ്.എം.പി റോഡിൽ നടപ്പാത ഒരുക്കിയിട്ടുണ്ടെങ്കിലും റോഡിനോട് ചേർന്നുള്ള കച്ചവടക്കാർ സാധനങ്ങൾ ഇവിടേക്ക് ഇറക്കി വച്ചിരിക്കുകയാണ്. പല ആവശ്യങ്ങൾക്കായി പൊളിച്ച റോഡ് ആറ് വർഷത്തിലധികമായിട്ടും നന്നാക്കാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

എസ്.എം.പി പാലസ് റോഡിന്റെ റീ ടാറിംഗുമായി ബന്ധപ്പെട്ട് 14 തവണ ടെണ്ടർ നടപടികളുമായി മുന്നോട്ട് പോയെങ്കിലും ഏറ്റെടുക്കാൻ ആളുണ്ടായില്ല. തുടർന്ന് മുൻപ് ടെണ്ടറെടുത്ത കരാറുകാരനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇയാൾ പുതുതായി നൽകിയ എസ്റ്റിമേറ്റ് തുക പൊതുമരാമത്ത് വകുപ്പിന് താങ്ങാനാകാത്തതിനാൽ തുകയുടെ വിവരം ഉൾപ്പെടുത്തി സർക്കാരിലേക്ക് അയച്ചു. സർക്കാർ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്താനാണ് ഉദേശിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഭരണാനുമതി ലഭിച്ചാലുടൻ റോഡ് പണി ആരംഭിക്കും

പൊതുമരാമത്ത് വകുപ്പ് അധികൃതർ