സ്ഫോടന സാദ്ധ്യതയെന്ന് ഫയർഫോഴ്സ് റി​പ്പോർട്ട്

കൊല്ലം: ജില്ലാ ആശുപത്രിക്ക് മുന്നിലെ ഓക്സിജൻ പ്ലാന്റിന് സമീപം പ്രവർത്തിക്കുന്ന മൂന്ന് പെട്ടിക്കടകൾ ഗുരുതര ദുരന്ത സാദ്ധ്യത ഉയർത്തുന്നതായി ഫയർഫോഴ്സ് റിപ്പോർട്ട്. ഓക്സിജൻ പ്ലാന്റിൽ നിന്നു കുറഞ്ഞത് 20 അടിയെങ്കിലും മാറി മാത്രമേ പാചകവാതകം അടക്കം ഉപയോഗി​ക്കാൻ പാടുള്ളു. എന്നാൽ ഈ ദൂരപരിധിക്കുള്ളിലാണ് മൂന്ന് കടകൾ. കടകളിൽ അഗ്നിബാധ ഉണ്ടായി ഓക്സിജൻ പ്ലാന്റിലേക്ക് വ്യാപിച്ചാൽ വൻദുരന്തമായി മാറും. തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയുടെ മരുന്ന് സംഭരണശാലയിലും ജ്വലനശേഷി കൂടുതലുള്ള പദാർത്ഥങ്ങളുണ്ടെന്നും ഫയർഫോഴ്സ് റിപ്പോർട്ടിൽ പറയുന്നു.

ജില്ലാ ആശുപത്രി അധികൃതർ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയുടെ ഭാഗമായാണ് ഫയർഫോഴ്സ് റിപ്പോർട്ട്. ഓക്സിജൻ പ്ലാന്റിനോട് ചേർന്ന് റോ‌ഡ് വക്കിലുള്ള രണ്ട് പെട്ടിക്കടകളിലും എതിർവശത്തുള്ള ഒരു പെട്ടിക്കടയിലും പാചക വാതകം ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സബ് കളക്ടർ, തഹസിൽദാർ, ജില്ലാ പഞ്ചായത്ത് അധികൃതർ, തഹസിൽദാർ, ഫയർഫോഴ്സ്, പൊലീസ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നി​വരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. എല്ലാ വകുപ്പുകളും പ്രത്യേകം റിപ്പോർട്ട് നൽകും.

വിക്ടോറിയ റോഡിലും പരിശോധന

സെന്റ് ജോസഫ് കോൺവെന്റിന് മുന്നിൽ നിന്നു വിക്ടോറിയ ആശുപത്രിയിലേക്കുള്ള റോഡിലും സംയുക്ത സംഘം പരിശോധന നടത്തി. ഈ റോ‌ഡിന്റെ ഒരുവശത്ത് പാർക്കിംഗും മറുവശത്ത് തട്ടുകടകളുമാണ്. ഇത് ആബുലൻസുകൾക്ക് അടക്കം പെട്ടെന്ന് ആശുപത്രിയിലെത്താനും മടങ്ങാനും കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് പരിശോധനാ സംഘം വിലയിരുത്തി. വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രണ്ടിടത്തും വൈകാതെ ഒഴിപ്പിക്കലിന് സാദ്ധ്യതയുണ്ട്.