കൊല്ലം: സ്വകാര്യ ബാങ്കിലെ വനിതാ മാനേജർ സരിതയുടെ ക്വട്ടേഷൻ പ്രകാരം ബി.എസ്.എൻ.എൽ റിട്ട. ജനറൽ മാനേജർ പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം പുനരാവിഷ്കരിക്കാൻ ആലോചന.

തട്ടിയെടുത്ത പണം തിരിച്ചുനൽകുന്നത് ചർച്ച ചെയ്യാനെന്ന പേരിൽ ആശ്രാമത്തേക്ക് വിളിച്ചുവരുത്തിയാണ് പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തിയത്.ചർച്ചയ്ക്കായി വീട്ടിൽ നിന്നു സൈക്കിളിൽ ആശ്രാമത്തേക്ക് പാപ്പച്ചൻ വരുന്നതിനിടെ ബൈക്കിൽ അനൂപ് ഒപ്പം കൂടി. അനിമോൻ കാറിൽ കാത്തുകിടന്നിടത്ത് എത്തിയപ്പോൾ അനൂപ് അതിവേഗം മുന്നോട്ടുപോയി. തൊട്ടുപിന്നാലെ അനിമോൻ കാർ മുന്നോട്ട് എടുത്ത് പാപ്പച്ചനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോകുകയായിരുന്നു. ഈസമയം മറുവശത്ത് ഓട്ടോറിക്ഷയിൽ കാത്തുകിടക്കുകയായിരുന്ന, അനിമോന്റെ സുഹൃത്തായ ക്വട്ടേഷൻ സംഘാംഗം മാഹീൻ രക്ഷാപ്രവർത്തകനായെത്തി.ഇതിൽ പാപ്പച്ചനൊപ്പം അനൂപ് കൂടിയത് മുതൽ കാർ ഇടിച്ചുവീഴ്ത്തി നിറുത്താതെ പോയത് വരെയുള്ള സംഭവങ്ങൾ പുനരാവിഷ്കരിക്കാനാണ് ആലോചന. മോട്ടോർ വാഹന വകുപ്പിലേതടക്കമുള്ള ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാകും പുനരാവിഷ്കരണം.

ആദ്യം നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും രേഖകളും അടിസ്ഥാനമാക്കി ആദ്യ നാല് പ്രതികളെയും എ.സി.പി എസ്. ഷെരീഫ്, കൊല്ലം ഈസ്റ്റ് സി.ഐ എൽ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയാണ്.

 ഹാഷിഫിന്റെ രണ്ടാം ഫോൺ കണ്ടെടുത്തു

കേസിലെ അഞ്ചാം പ്രതി ഹാഷിഫിന്റെ രണ്ടാമത്തെ മൊബൈൽ ഫോൺ പോളയത്തോടിലെ മൊബൈൽ കടയിൽ നിന്ന് അന്വേഷണ സംഘം ഇന്നലെ പിടിച്ചെടുത്തു. ഇന്നലെ രാവിലെ 10.30 ഓടെ ഹാഷിഫുമായി കടയിലെത്തിയാണ് ഫോൺ പിടിച്ചെടുത്തത്.

പിടിയിലാകുമ്പോൾ കൈയിലുണ്ടായിരുന്ന ഒരു ഫോൺ മാത്രമേ തനിക്കുള്ളുവെന്നാണ് ഹാഷിഫ് പറഞ്ഞിരുന്നത്. എന്നാൽ അനിമോന്റെയും സരിതയുടെയും ഫോണുകളിലേക്ക് മറ്റൊരു നമ്പരിൽ നിന്നും നിരന്തരം വിളിച്ചിരിക്കുന്നതായി കണ്ടെത്തി. പരിശോധനയിൽ ഈ നമ്പർ ഹാഷിഫിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നമ്പർ ഉപയോഗിക്കുന്ന ഫോൺ പിടിച്ചെടുത്തത്. കസ്റ്റഡി കാലാവധി അവസാനിച്ച ഹാഷിഫിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.