photo
എം.സി റോഡരികിലായി കുളക്കടയിൽ നിർമ്മിച്ച എറായം വഴിയോര വിശ്രമകേന്ദ്രം

52 ലക്ഷത്തിന്റെ പദ്ധതി

45,000 രൂപ വാടക ഈടാക്കും

കൊട്ടാരക്കര: എം.സി റോഡിന്റെ അരികിലായി കുളക്കട ഗ്രാമപഞ്ചായത്ത് നിർമ്മിച്ച 'എറായം' വഴിയോര വിശ്രമകേന്ദ്രം ഈ മാസം 22ന് പ്രവർത്തനമാരംഭിക്കും. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരമാണ് 52 ലക്ഷം രൂപ ചെലവിൽ ഇവിടെ 'എറായം' എന്ന പേരിൽ വഴിയോര വിശ്രമകേന്ദ്രം നിർമ്മിച്ചത്. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും ലഘു ഭക്ഷണത്തിനും വ്യായാമത്തിനുമടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. രാത്രി തങ്ങാനടക്കമുള്ള മുറികളുമുണ്ട്. 2023 ജൂണിൽ മന്ത്രി കെ.എൻ.ബാലഗോപാൽ എറായം നാടിന് സമർപ്പിച്ചുവെങ്കിലും പ്രവർത്തനം തുടങ്ങാൻ വൈകി. കരാർ ഏറ്റെടുത്തയാൾക്കുണ്ടായ അസൗകര്യങ്ങളടക്കം തടസമായി. എല്ലാം പരിഹരിച്ചുകൊണ്ടാണ് ശേഷിച്ച അറ്റകുറ്റപ്പണികളും സൗന്ദര്യവത്കരണവും പൂർത്തിയാക്കി എറായം തുറക്കുന്നത്.

ഇനി സജീവമാകും

മാസം 45,000 രൂപ വാടക ഈടാക്കുംവിധമാണ് പഞ്ചായത്ത് കരാർ നൽകിയിട്ടുള്ളത്. കുളക്കട ഗ്രാമപഞ്ചായത്തിലെ താമസക്കാരന്റെ ചുമതലയിൽ പ്രവർത്തനം തുടങ്ങും. ഭക്ഷണമടക്കം സജ്ജമാക്കുന്നതിനാൽ ഇവിടം കൂടുതൽ സജീവമാകും.