കൊട്ടാരക്കര: സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസി രാമാനന്ദ ഭാരതി​ക്കു നേരെ ആക്രമണം. കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം അക്രമി​ മർദ്ദിക്കുകയായി​രുന്നു. കൊട്ടാരക്കര പൊലീസെത്തി​ പരിക്കേറ്റ സ്വാമിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. . തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ആശ്രമത്തിൽ സ്വാമിയുടെ താമസ സ്ഥലത്തെത്തിയ അക്രമി കതക് പൊളിച്ച് അകത്തുകടന്നു, ശബ്ദംകേട്ടെത്തിയ സ്വാമിയുടെ മുഖത്തെ കണ്ണാടി തട്ടിക്കളഞ്ഞശേഷം മുളകുപൊടി മുഖത്തേക്ക് എറിഞ്ഞു. കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തും മുതുകത്തുമടക്കം മർദ്ദിച്ചുവെന്നാണ് സ്വാമി പൊലീസിന് നൽകിയ പരാതി. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായുണ്ട്. ഹൈക്കോടതിയിലടക്കം കേസ് നടക്കുന്നുണ്ട്. ആശ്രമത്തിലെ സന്യാസിമാർക്ക് സുരക്ഷ നൽകണമെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. സ്വാമി രാമാനന്ദ ഭാരതി അടുത്ത മഠാധിപതി ആകാൻ സാദ്ധ്യതയുണ്ടായി​രുന്നു. ഇതുമായി ബന്ധപ്പെട്ട് എതിർ ചേരിയിൽ ഉള്ളവരുടെ അറിവോടെയാണ് അക്രമമെന്നും ആരോപണമുണ്ട്.

എന്നാൽ രാമാനന്ദ ഭാരതിയെ ആക്രമിച്ചുവെന്നത് വ്യാജ പരാതിയാണെന്നും നിജസ്ഥിതി അന്വേഷിക്കണെന്നും ആവശ്യപ്പെട്ട് ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. മന്ത്രി കെ.ബി.ഗണേശ് കുമാർ ആശ്രമം സന്ദർശിച്ചു. കൃത്യമായ അന്വേഷണം നടത്തണമെന്നും ആശ്രമവുമായി ബന്ധപ്പെട്ട ആളുകളല്ലാത്തവരെ പൊലീസ് ഇടപെട്ട് ആശ്രമത്തിൽ നിന്ന് പുറത്താക്കണെമന്നും മന്ത്രി ഡിവൈ.എസ്.പിക്ക് നിർദ്ദേശം നൽകി.