കൊല്ലം: വിവിധ നൈപുണ്യ വികസന ഡിപ്ലോമ സർട്ടിഫിക്കറ്റ്, പ്രോഗ്രാമുകൾ തുടങ്ങാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കെൽട്രോണുമായി ധാരണാപത്രം ഒപ്പുവച്ചു. മന്ത്രിമാരായ ഡോ. ആർ. ബിന്ദു, പി. രാജീവ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ. വി.പി. ജഗതി രാജ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കെൽട്രോൺ മാനേജിംഗ് ഡയറക്ടർ റിട്ട. വൈസ് അഡ്മിറൽ ശ്രീകുമാർ നായരും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരനുമാണ് ധാരണാപത്രം ഒപ്പുവച്ചത് .
ഇനി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന യു.ജി, പി.ജി, പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് ആഡ് ഓൺ കോഴ്സുകളായി കെൽട്രോൺ നടത്തുന്ന നൈപുണ്യ വികസന, തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാം. ഇതോടൊപ്പം ഇന്റേൺഷിപ്പിനും ടെക്നിക്കൽ അപ്രന്റീസ്ഷിപ്പുകൾക്കും കെൽട്രോണിൽ അവസരം ലഭിക്കും. ഇത്തരത്തിൽ ആഡ് ഓൺ കോഴ്സുകളും ഇന്റേൺഷിപ്പും പഠന കാലയളവിൽ ചെയ്യുന്നത് പഠിതാക്കൾക്ക് വേഗത്തിൽ തൊഴിൽ സാാദ്ധ്യത കൂട്ടും.