കൊല്ലം: കൊല്ലത്ത് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ട വിജിലൻസ് കോടതി നിയമവിരുദ്ധമായി കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ കൊല്ലം ബാർ അസോസിയേഷൻ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി തെറ്റായ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ ഭാരവഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
നിവേദനം അനുഭാവപൂർവം പരിഗണിച്ച് വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അസോസിയേഷൻ നേതാക്കൾ പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണിയോടൊപ്പം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, സെക്രട്ടറി അഡ്വ. എ.കെ.മനോജ്, ഡയറക്ടർ ബോർഡ് അംഗം അഡ്വ.ഹരീഷ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
കൊല്ലം ബാർ അസോസിയേഷൻ ഹാളിന് മുന്നിൽ 23 ദിവസമായി നടത്തിവരുന്ന ധർണ മുൻ ജില്ലാ സർക്കാർ വക്കീൽ അഡ്വ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.