പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ പാതയിൽ നിന്ന് ആരംഭിക്കുന്ന പുന്നല റോഡിന്റെ പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തി. അലിമുക്കിൽ നിന്ന് ആരംഭിക്കുന്ന പുന്നല റോഡിന്റെ പാർശ്വഭിത്തി സംസ്ഥാന പാതയുടെ നവീകരണങ്ങളുടെ ഭാഗമായി ഇടിച്ചതിനെ തുടർന്ന് അപകടക്കെണിയായിരുന്നു. ഇതിനൊപ്പം പാതയോരത്ത് വീതി കുറഞ്ഞത് കാരണം കാൽ നട യാത്രക്കാർക്കും നടന്ന് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു.
സാഹസിക യാത്ര
കാർഷിക, വനം മേഖലയായ പുന്നല പ്രദേശങ്ങളിൽ നിന്ന് മരങ്ങൾ മുറിച്ചതും മറ്റും ലോറിയിൽ കയറ്റി വീതി കുറഞ്ഞ പാതയിലൂടെ സാഹസികമായിട്ടായിരുന്നു സംസ്ഥാന പാതയിൽ കടന്ന് വന്നിരുന്നത്. ഇത് കൂടാതെ അലിമുക്ക് വഴി പുന്നലയിലേക്ക് തിരിച്ചും സർവീസുകൾ നടത്തുന്ന ബസുകളും ആശങ്കയോടെയായിരുന്നു ഇതുവഴി കടന്ന പൊയ്ക്കൊണ്ടിരുന്നത്. അതിനിടെയാണ് പുന്നലയിലേക്ക് കടന്ന് പോകുന്ന റോഡിന്റെ നടപ്പാതയുടെ പാർശ്വഭിത്തി സംസ്ഥാന പാതയുടെ നവീകരണങ്ങളുടെ ഭാഗമായി ഇടിച്ച് മാറ്റിയത്.
വീതി കൂട്ടണം
പുന്നല റോഡിന്റെ വശം കെട്ടി ബലപ്പെടുത്തണമെന്ന കേരള കൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ പാരപ്പറ്റോടു കൂടിയാണ് പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അലിമുക്ക്-പുന്നല റോഡിന് വീതി കുറവായതിനാൽ ഡ്രൈവർമാരും കാൽനട യാത്രക്കാരും കടുത്തആശങ്കയിലാണ്. റോഡിന്റെ വീതി വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.