തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ റെയിൽവേ മേല്പാലം മന്ത്രി കെ.എൻ.ബാലഗോപാൽ ഗതാഗതത്തിന് തുറന്നു നൽകി. മേല്പാലത്തിന് സമീപത്തെ വെയർഹൗസിംഗ് കോർപ്പറേഷൻ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനിൽ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലെവൽ ക്രോസുകൾ ഇല്ലാത്തസംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി വഴിയും മറ്റ് ഫണ്ട് വിനിയോഗിച്ചും 72 മേല്പാലങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. ഏറ്റവും കുടുതൽ മേല്പാലങ്ങൾ നിർമ്മിക്കുന്നത് കൊല്ലം ജില്ലയിയാണെന്നും മന്ത്രി പറഞ്ഞു. സി.ആർ.മഹേഷ് എം.എൽ.എ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മാളിയേക്കൽ മേല്പാലം ഉൾപ്പടെ മൂന്നു മേല്പാലങ്ങൾക്ക് നിർമ്മാണാനുമതി നേടിയെടുത്ത മുൻ എം.എൽ.എ ആർ.രാമചന്ദ്രന്റെ ഛായാ ചിത്രം സ്ഥാപിച്ച വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,കരനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ,അംഗങ്ങളായ സുനിത അശോകൻ, അഡ്വ.സുധീർ കരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ആർ.ബി.ഡി.സി കെ.ജോ.ജനറൽ മാനേജർ ടി.ജെ.അലക്സ് നന്ദി പറഞ്ഞു.
ആദ്യം പാലം കടന്ന് ഓട്ടോറിക്ഷ
പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ പ്രവേശന കവാടത്തിൽ ആദ്യ യാത്രക്കായി കാത്തു നിന്ന നൂറുകണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പാലം ഗതാഗതത്തിനായി തുറന്നു നൽകി. കാത്തു കിടന്ന വാഹന നിരയുടെ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയാണ് ആദ്യമായി പാലത്തിൽ പ്രവേശിച്ചത്.