കൊല്ലം: ഹൈടെക് ക്രൈം എൻക്വയറി സെൽ മുൻ മേധാവി സൈബർ തട്ടിപ്പിനിരയായി. നിലവിൽ പൊലീസിൽ അസി. കമാൻഡന്റായ സ്റ്റാർ മോൻ പിള്ളയാണ് തട്ടിപ്പിനിരയായത്.
ഏഴ് ലക്ഷം രൂപയാണ് നഷ്ടമായത്. സംഭവത്തിൽ സ്റ്റാർ മോൻ പിള്ള സൈബർ സെല്ലിൽ പരാതി നൽകി.
വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാനായി സെബിയുടെ രജിസ്റ്റേഡ് അഡ്വൈസറായ ബസന്ത് മഹേശ്വരിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്ട്സ് ആപ്പ് അക്കൗണ്ട് വഴി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പുകാരുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു. സ്റ്റാർ മോൻ പിള്ളയുടെ ചവറ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ മാസവും ഈ മാസവുമായി 7,37,500 രൂപയാണ് തട്ടിയെടുത്തത്. പരാതിയെ തുടർന്ന് മലപ്പുറത്ത് നിന്ന് തട്ടിപ്പ് സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ഇയാളെ ഉടൻ കൊല്ലത്തെത്തിക്കും. നഷ്ടമായ പണം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സൈബർ സെൽ.