കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാ ജംഗ്ഷനുകളിലും സജീവമായതോടെ ഓട്ടോറിക്ഷ, ടാക്സി, കാർ സ്റ്റാൻഡുകൾ എവിടെയാക്കണമെന്ന് ഡ്രൈവർമാർക്ക് യാതൊരു നിശ്ചയവുമില്ല. നിർമ്മാണം പുരോഗമിക്കുന്നതനുസരിച്ച്, ദേശീയപാതയോരത്ത് അവശേഷിക്കുന്ന സ്ഥലങ്ങളിൽ മാറിമാറിയാണ് സ്റ്റാൻഡുകൾ പ്രവർത്തിക്കുന്നത്. നിർമ്മാണം പൂർത്തിയായി കഴിയുമ്പോൾ എവിടെക്കിടന്ന് ഓടുമെന്ന ആശങ്കയിലാണ് ഡ്രൈവർമാർ.
നേരത്തെ എല്ലാ ജംഗ്ഷനുകളിലും ദേശീയപാതയോരത്താണ് ഓട്ടോ ടാക്സി സ്റ്റാൻഡുകൾ പ്രവർത്തിച്ചിരുന്നത്. പ്രധാന ജംഗ്ഷനുകളിൽ ഒന്നിലധികം സ്റ്റാൻഡുകളുണ്ടായിരുന്നു. 45 മീറ്റർ വീതിയിലാണ് ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുത്തത്. സർവീസ് റോഡും ഓടയും കഴിഞ്ഞാൽ എല്ലാ ജംഗ്ഷനുകളിലും കഷ്ടിച്ച് ഒരു മീറ്റർ യൂട്ടിലിറ്റി ഏരിയ മാത്രമാണ് അവശേഷിക്കുന്നത്. ഇത് കാൽനട യാത്രയ്ക്ക് പോലും തികയില്ല. പ്രധാന ജംഗ്ഷനുകളിലെങ്ങും ഓട്ടോ, ടാക്സി സ്റ്റാൻഡുകൾക്കായി ഒരു നുള്ള് ഭൂമി പോലും അധികമായില്ല.
വണ്ടികളിടാൻ സ്ഥലമില്ല
ജംഗ്ഷനുകളിൽ ബസ് ബേ രൂപരേഖയിലൊതുങ്ങി
കാൽനട യാത്രയ്ക്കും പരിമിതമായ സ്ഥലം മാത്രം
ഓട്ടോ, ടാക്സി സ്റ്റാൻഡുകൾക്ക് ഇടം കണ്ടെത്തുന്നില്ല
ഇട റോഡുകളിലേക്ക് പോയാൽ കുരുങ്ങും
ജംഗ്ഷനോട് ചേർന്നുള്ള ഇടറോഡുകൾ ഇടുങ്ങിയത്
ദൂരേക്ക് മാറ്റിയാൽ യാത്രക്കാർ എത്തില്ല
ബുക്കിംഗ് പോയിന്റ് പോംവഴി
ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ അല്പം അകലേക്ക് മാറ്റി സ്ഥാപിച്ച് ജംഗ്ഷനുകളിൽ ബുക്കിംഗ് പോയിന്റുകൾ സ്ഥാപിക്കുകയാണ് ഏക പോംവഴി. യാത്രക്കാർക്ക് ബുക്കിംഗ് പോയിന്റിലെത്തി ഓട്ടോയോ ടാക്സിയോ ആവശ്യപ്പെടാം. ഇവിടെ നിന്ന് അറിയിപ്പ് നൽകുമ്പോൾ പാർക്കിംഗ് കേന്ദ്രത്തിൽ നിന്നെത്തി യാത്രക്കാരെ കയറ്റി പോകാം. എന്നാൽ പാർക്കിംഗ് കേന്ദ്രത്തിനോ സ്റ്റാൻഡുകൾക്കോ ഉള്ള സ്ഥലം കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രമം നടത്തുന്നില്ല.
സർവീസ് റോഡ് നിർമ്മാണം ആരംഭിച്ചതോടെ കൊട്ടിയത്ത് ഇടറോഡിലാണ് ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. അവിടുത്തെ സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയില്ലെങ്കിൽ ഗതാഗത കുരുക്ക് രൂപപ്പെടും.
കെട്ടിയം രാജേഷ്,
ഓട്ടോ ഡ്രൈവർ