tm-prabha
ടി.എം.പ്രഭ

ജീവിച്ചിരിക്കുന്നുവെന്നതിന്റെ അടയാളപ്പെടുത്തലാണ് ഓരോ മനുഷ്യന്റെയും സ്വപ്നങ്ങൾ. ആ സ്വപ്നവും നിഷേധിക്കപ്പെട്ട ചിലരുമുണ്ടായിരുന്നു നമുക്കിടയിൽ, തൊഴിലാളികൾ!. അവരുടെ സ്വപ്നങ്ങൾക്ക് നിറംകൊടുത്ത് സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങിയൊരു ഉശിരൻ നേതാവായിരുന്നു ടി.എം.പ്രഭ. മിഴിനീരുണങ്ങിയ നൂറുകണക്കിന് തൊഴിലാളികൾക്ക് തലയുയർത്തി ജീവിക്കാനുള്ള അവസരമൊരുക്കി കടന്നുപോയതുകൊണ്ടാകും ടി.എം.പ്രഭയുടെ സമരചരിത്രം എന്നും ഓർമ്മിക്കപ്പെടുന്നത്. ഒരു പുരുഷായുസ് മുഴുവൻ തൊഴിലാളികൾക്കുവേണ്ടി മാറ്റിവച്ചൊരാളുടെ ആദർശ രാഷ്ട്രീയത്തിന്റെ കഥകൾ പുതുതലമുറയെപ്പോലും ത്രസിപ്പിക്കും. ആ മഹാകാലത്തിന്റെ സ്പന്ദനം രാഷ്ട്രീയ നെറിവുള്ളവർക്ക് മറക്കാനാകില്ലെന്നതാണ് സത്യം. അതുകൊണ്ടാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അസാധാരണ വിപ്ളവ ഏടാണ് ടി.എം.പ്രഭയുടെ കാലമെന്ന് പൊതുപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നതും.

ആറാം ക്ളാസുകാരന്റെ സമരവീര്യം

സാധാരണ കർഷക കുടുംബാംഗമായിരുന്നു ടി.എം.പ്രഭ. ആറാം ക്ളാസിൽ പഠിക്കുമ്പോൾ ഭാരത് മാതാ കീ ജയ് വിളിച്ച് അധികാരികളുടെ നെഞ്ചിടിപ്പുയർത്തി അറസ്റ്റുവരിച്ച സ്കൂൾ കുട്ടിയിൽ തുടങ്ങിയതാണ് ടി.എം.പ്രഭയുടെ രാഷ്ട്രീയ ജീവിതം. അച്ഛൻ മാപ്പെഴുതി നൽകിയാൽ വിടാമെന്ന് പറഞ്ഞ പൊലീസ് മേധാവിയെ ഞെട്ടിച്ച് അത് സാദ്ധ്യമല്ലെന്ന് പ്രഭ ഉറക്കെപ്പറഞ്ഞു, കൊല്ലം ഗവ. ഹൈസ്കൂളിൽ പഠിക്കവെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ജാഥയിൽ പങ്കെടുത്തതിന് അന്ന് ടി.എം.പ്രഭ ജയിലിലായി. രണ്ടാഴ്ച ചെങ്കോട്ട ലോക്കപ്പിലടച്ചു. തിരിച്ചെത്തും മുമ്പേ സ്കൂളിൽ നിന്ന് പുറത്താക്കി. വിദ്യാഭ്യാസം പാതിവഴിയിൽ മുറിഞ്ഞതോടെ തൊഴിലാളി വർഗത്തിന്റെ അവകാശ പോരാട്ടങ്ങൾക്കായി കൂടുതൽ സജീവമായി. പുനലൂർ മേഖലയിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു. 1948ൽ രൂപീകരിച്ച കെ.എസ്.പിയുടെയും തുടർന്ന് ആർ.എസ്.പിയുടെയും സജീവ പ്രവർത്തകനായി. അഖില കേരള കശുഅണ്ടി തൊഴിലാളി ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി. 1957ൽ ചടയമംഗലം നിയോജകമണ്ഡലത്തിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതേവർഷം ആർ.എസ്.പി ജില്ലാ സെക്രട്ടറിയായി. അഖില കേരള കശുഅണ്ടി തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറിയും യു.ടി.യു.സി സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായി. മിനിമം വേജ് അഡ്വൈസറി ബോർഡ് അംഗം, അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ, തൃശൂർ സീതാറാം മിൽസ് ചെയർമാൻ, പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എൻ.ശ്രീകണ്ഠൻ നായർക്കും ടി.കെ.ദിവാകരനുമൊപ്പം തൊഴിലാളികളുടെ കരുത്തായി എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ടി.എം.പ്രഭ ഒപ്പം നിന്നു. 1958 ജൂലായ് 26നാണ് ചന്ദനത്തോപ്പ് ഹിന്ദുസ്ഥാൻ കാഷ്യു പ്രോഡക്‌ട്‌സ് കശുഅണ്ടി ഫാക്ടറി തൊഴിലാളികൾക്ക് നേരെ പൊലീസ് വെടിവയ്പുണ്ടായത്. ചന്ദനത്തോപ്പ് രാമൻ, സുലൈമാൻ എന്നീ തൊഴിലാളികൾ തത്ക്ഷണം മരിച്ചു. ലാത്തിച്ചാർജ്ജിലും കല്ലേറിലും സ്ത്രീകളടക്കമുള്ള ഒട്ടേറെ തൊഴിലാളികൾക്കും പൊലീസുകാരിൽ ചിലർക്കും പരിക്കേറ്റു. സമരമുഖത്ത് നേതൃത്വമായി നിന്ന ടി.എം.പ്രഭയെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. ക്രൂരമായി തല്ലിച്ചതച്ചു. കൈകാലുകൾ ചവിട്ടിയൊടിച്ചു. പിന്നീട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു ചികിത്സ. അന്ന് ടി.എം.പ്രഭ കൊളുത്തിയ സമരാഗ്നി 1959ൽ ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടുന്നതിനുവരെ കളമൊരുക്കി. 2018 ആഗസ്റ്റ് 17ന് ടി.എം.പ്രഭയെന്ന സമരസഖാവ് വിടപറഞ്ഞു.

ടി.എം.പ്രഭ ഫൗണ്ടേഷൻ

ടി.എം.പ്രഭയുടെ ഓർമ്മകൾ നിലനിറുത്തിക്കൊണ്ടാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പി രക്ഷാധികാരിയായി ടി.എം.പ്രഭ ഫൗണ്ടേഷന് രൂപം നൽകിയത്. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിച്ച ഫൗണ്ടേഷൻ സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടി. വയനാട് ദുരന്തത്തിന്റെ കെടുതികൾ തീർക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ജില്ലാ കളക്ടർക്ക് കൈമാറി, അനുബന്ധ സഹായങ്ങളും നൽകിക്കൊണ്ട് ഇക്കുറി അനുസ്മരണ ചടങ്ങുകൾ ലഘൂകരിക്കുകയാണ് ഫൗണ്ടേഷൻ.