കൊല്ലം: അറ്റകുറ്റപ്പണികൾക്കായി ഇന്നും നാളെയും കൂട്ടിക്കട ലെവൽക്രോസ് അടച്ചിടുന്നതോടെ ജംഗ്‌ഷനിൽ കൂട്ടക്കുഴപ്പത്തിന് സാദ്ധ്യത. സമീപത്തെ ഗേറ്റായ പുത്തൻ ചന്ത കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ടപ്പോൾ കൂട്ടിക്കടയിൽ വലിയ പ്രതിസന്ധിയാണുണ്ടായത്.
ആർ.ഒ.ബി നിർമ്മാണത്തിനായി ഇരവിപുരം കാവൽപ്പുര ഗേറ്റ് മാസങ്ങളായി അടച്ചിട്ടതിൽ വീർപ്പുമുട്ടുകയാണ് നാല് മുക്കായ കൂട്ടിക്കട. കഴിഞ്ഞ വെള്ളിയാഴ്‌ച സ്‌കൂൾ ബസ് രണ്ട് മണിക്കൂർ ജംഗ്‌ഷനിൽ കുടുങ്ങി. നാല് ട്രെയിനുകൾ കടന്നു പോകാൻ കുറഞ്ഞത് 25 മിനിറ്ര് ലെവൽക്രോസ് അടച്ചിടുമ്പോൾ നാല് ദിക്കിലും നിന്നായി നൂറോളം വാഹനങ്ങളാണ് കുടുങ്ങുന്നത്. രാവിലെയും വൈകിട്ടും നാല് ട്രെയിനുകൾ കടന്ന് പോയ ശേഷം ഗേറ്റ് തുറന്നാൽ മിനുട്ടുകൾക്കകം വീണ്ടും നാല് വണ്ടികൾക്കായി ഗേറ്റ് പൂട്ടും. തുറക്കുമ്പോൾ കടന്ന് പോകാനുള്ള കൂട്ടപ്പൊരിച്ചിലുകൾ പലപ്പോഴും പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. വാഹനങ്ങൾ ഉരസുന്നതു മൂലമുള്ള തർക്കങ്ങൾ വേറെ. തദ്ദേശീയരുടെ ഇടപെടലുകൾ പലപ്പോഴും സംഘർഷത്തിനും കാരണമായിട്ടുണ്ട്.
സ്വകാര്യ മെഡി. ആശുപത്രിയും മറ്റ് രണ്ട് ആശുപത്രികളുമുള്ള ഭാഗത്തേക്ക് എത്തുന്ന ആംബുലൻസുകളും പ്രതിസന്ധിയിലാവാറുണ്ട്.
കൂട്ടിക്കട ജംഗ‌്ഷനോട് ചേർന്ന സ്വകാര്യ ആശുപത്രിയിലേക്ക് റെയിൽവേ ഗേറ്റിന് അപ്പുറത്ത് നിന്ന് രോഗിയെ താങ്ങിയെടുത്ത് ഓട്ടോ ഡ്രൈവർമാരും ചുമട്ട് തൊഴിലാളികളും എത്തുന്നത് പതിവ് കാഴ്‌ചയാണ്. രാവിലെയും വൈകിട്ടും പോയിന്റ് ഡ്യൂട്ടിക്ക് പൊലീസിനെയോ ട്രാഫിക് വാർഡനെയോ നിയമിക്കണമെന്നയാണ് പ്രദേശവാസികളുടെ ആവശ്യം. നേരത്തെ ഇക്കാര്യത്തിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചതിനെ തുടർന്ന് ഹൈക്കോടതി ഇടപെടുകയും പോയിന്റ് ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇത് ഇല്ലാതായി. കൂട്ടിക്കടയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കാനുള്ള തടസം നീങ്ങിയെങ്കിലും യാഥാർത്ഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കണം.