കരുനാഗപ്പള്ളി: ദേശീയപാതയോരത്തുള്ള ഓടകളിൽ മലിനജലം നിറയുന്നു. ദുർഗന്ധം കാരണം നാട്ടുകാർക്ക് മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് പഴയ ഓടകൾ പൊളിച്ച് നീക്കിയാണ് പുതിയത് നിർമ്മിച്ചത്. ഓരോ റീച്ചുകളായി നിർമ്മിച്ച ഓടകൾ പരസ്പരം ബന്ധിപ്പിക്കാത്തതിനാൽ വെള്ളമൊഴുക്ക് നിലച്ചിരിക്കുകയാണ്. മഴ വെള്ളവും റേഡിൽ നിന്നുള്ള വെള്ളവും ഓടയിലേക്ക് ഒഴുകി കെട്ടി നിൽക്കുകയാണ്.

ശാശ്വത പരിഹാരം വേണം

ഓടകളിലെ ദുർഗന്ധവും കൊതുകിന്റെ ശല്യവും ടൗണിലെ ജീവിതം ദുരിത പൂർണമാക്കുന്നു. ടൗണിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങലിൽ നിന്നുള്ള മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കി വിടുന്നത് നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ടൗണിൽ നിർമ്മിക്കുന്ന ഓപ്പൺ ഫ്ളൈ ഓവറിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പുറത്തേക്ക് വരുന്ന ഭൂഗർഭ ജലവും ഓടകളിലേക്കാണ് ഒഴുകുന്നത്. ദേശീയപാതയിലെ ഓടകൾ ഗ്രാമീണ റോഡുകളിലെ ഓടകളുമായി ബന്ധപ്പിച്ചാൽ വെള്ളം ഒഴുകി തഴത്തോടിൽ പതിക്കും. ഇതോടെ ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.

കമ്പനി ഇടപെടണം

ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കമ്പനിക്ക് ശക്തിയിൽ ഓടയിലേക്ക് വെള്ളം കടത്തി വിട്ട് ശുചീകരിക്കാം. ഇതിനുള്ള സാങ്കേതിക വിദ്യയും ഉപകരണങ്ങളും അവരുടെ പക്കലുണ്ട്. കമ്പനി ഇടപെട്ട് ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.