കൊല്ലം: മൺസൂൺ ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോൾ കാര്യമായ മഴ ലഭിക്കാതെ ജില്ല. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 14 വരെയുള്ള കണക്കിൽ 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 887 മില്ലിമീറ്റർ മഴയാണ് സാധാരണ ലഭിക്കേണ്ടത്. എന്നാൽ 771.6 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കിലാണ് വിവരങ്ങളുള്ളത്.

എന്നാൽ മൺസൂണിന് മുമ്പുള്ള മാർച്ച് മുതൽ മേയ് വരെ 23 ശതമാനം അധികമഴയാണ് ജില്ലയിൽ ലഭിച്ചത്. 434 മില്ലി മീറ്റർ മഴ ലഭിക്കേണ്ട പ്രീ മൺസൂൺ സമയത്ത് 532.5 മില്ലിമീറ്റർ മഴ ലഭിച്ചു.
മൺസൂണിലെ ആദ്യ ആഴ്ചയിൽ 67, മൂന്നാമത്തെ ആഴ്ചയിൽ 62, പത്താമത്തെ ആഴ്ചയിൽ 87 ശതമാനം വീതം മഴക്കുറവാണുണ്ടായത്.

തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. മൺസൂൺ കാലയളവിൽ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. 25 ശതമാനത്തിന്റെ കുറവാണുള്ളത്.

ജില്ല മഴക്കമ്മി പട്ടികയിൽ

 മഴക്കുറവുള്ള ജില്ലകളുടെ കൂട്ടത്തിലാണ് കൊല്ലവും

 കഴിഞ്ഞ വർഷവും മൺസൂണിന്റെ ആദ്യപാദത്തിൽ മഴ കുറഞ്ഞിരുന്നു

 എന്നാൽ രണ്ടാം പാദത്തിൽ കാര്യമായ മഴ ലഭിച്ചു

 2021, 2022 കാലയളവിൽ ആദ്യ പാദങ്ങളിൽ കനത്ത മഴ ലഭിച്ചു

 ഈ വർഷം ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 29 വരെ മറ്റെല്ലാ ജില്ലകളിലും അധികമഴ ലഭിച്ചു

ജനുവരി, ഫെബ്രുവരി

മഴക്കമ്മി - 65 %

ഇപ്പോഴത്തെ മഴക്കുറവ് മൺസൂണിന്റെ രണ്ടാം പാദത്തിൽ നികത്തപ്പെടും. വരും ദിവസങ്ങളിൽ മഴ കനക്കും.

കാലാവസ്ഥ വകുപ്പ് അധികൃതർ