kunnuvila
ഒരു വർഷമായി കുടിവെള്ള വിതരണം നിലച്ച കുടിവെള്ള പദ്ധതി.

എഴുകോൺ : എഴുകോൺ പഞ്ചായത്ത് ഓഫീസ് വാർഡിലെ കുന്നുവിള കുടിവെള്ളപദ്ധതി നിലച്ചിട്ട് ഒരു വർഷം പിന്നിടുന്നു. 30ൽ പരം പട്ടികജാതി കുടുംബങ്ങളടക്കം നിരവധി പേർ ആശ്രയിച്ചിരുന്ന പദ്ധതിയാണിത്. കടുത്ത ജലക്ഷാമമുള്ള കോളന്നൂർ, കുന്നുവിള പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് 2014-15 ൽ ജില്ലാപഞ്ചായത്താണ് പദ്ധതി അനുവദിച്ചത്. പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ വീടുകളിൽ കിണർ കുഴിക്കാനാകില്ല. വെള്ളം വാങ്ങാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ ദൂര സ്ഥലങ്ങളിലെ കിണറുകളിൽ നിന്ന് തലച്ചുമടായാണ് വെള്ളം എത്തിച്ചിരുന്നത്. ഈ ദുസ്ഥിതി കണ്ടറിഞ്ഞ നെടുവത്തൂർ ഡിവിഷൻ മെമ്പറായിരുന്ന എം. ലീലാമ്മ മുൻകൈ എടുത്താണ് 10 ലക്ഷം രൂപ കുന്നുവിള പദ്ധതിക്കായി അനുവദിച്ചത്.

കുന്നുവിള പദ്ധതിക്ക് 10 ലക്ഷം രൂപ

2014-15 ൽ ആരംഭിച്ചു

10 ലിറ്ററിന്റെ സിന്തറ്റിക് ടാങ്ക്

60000 പുതിയ ടെണ്ടർ

സ്റ്റാൻഡ് അപകടനിലയിൽ

കോണത്ത് കുളത്തിൽ മോട്ടോറും ഉയരം കൂടിയ കുന്നുവിള പ്രദേശത്ത് വാട്ടർടാങ്കും സ്ഥാപിച്ച് ഗാർഹിക കണക്ഷനും നൽകിയാണ് കുടിവെള്ള വിതരണം തുടങ്ങിയത്. 9 വർഷത്തോളം പ്രദേശവാസികളുടെ കൃത്യമായ മേൽനോട്ടത്തിൽ സുഗമമായി പദ്ധതി പ്രവർത്തിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 10 ലിറ്ററിന്റെ സിന്തറ്റിക് ടാങ്ക് ഉറപ്പിച്ചിരുന്ന ഇരുമ്പ് സ്റ്റാന്റിന്റെ പ്ലാറ്റ്ഫോം തകർന്നതോടെയാണ് ജലവിതരണം നിലച്ചത്. സ്റ്റാൻഡ് അപകടനിലയിലായതോടെ അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് പമ്പിംഗ് നിറുത്തിയത്.

ഏറ്റെടുക്കാതെ കരാറുകാ‌‌ർ

മാസങ്ങളോളം പമ്പിംഗ് നിലച്ചതോടെ ജലസ്രോതസായ കുളവും മോട്ടോറും ഉൾപ്പെടെ നശിച്ച നിലയിലാണ്. സ്റ്റാൻഡിനൊപ്പം ഇവയുടെ അറ്റകുറ്റ പണികൾ കൂടി നടത്തിയാലേ ഇനി ജല വിതരണം സാദ്ധ്യമാകു. കഴിഞ്ഞ പഞ്ചായത്ത് പദ്ധതിയിൽ 60000 രൂപ വകയിരുത്തി ടെണ്ടർ ക്ഷണിച്ചിരുന്നു. തുക കുറവാണെന്ന കാരണത്താൽ കരാറുകാർ വിട്ടു നിന്നതോടെ പദ്ധതി ഉപേക്ഷിച്ചു.

2024-25 പദ്ധതിയിൽ കുന്നുവിള വാട്ടർ ടാങ്കിന്റെ പുനരുദ്ധാരണം ഉൾപ്പെടുത്തിയിട്ടുണ്ട്.

എൽ.എസ്.ജി.ഡി

എൻജിനീയറിംഗ് വിഭാഗം

നന്നായി പ്രവർത്തിക്കുകയും ചുമതലക്കാർ അറ്റകുറ്റ പണികളടക്കം നടത്തി പരിപാലിക്കുകയും ചെയ്തിരുന്ന പദ്ധതിയാണ്. കുടിവെള്ള വിതരണം നിലച്ചതോടെ കിണറുകളില്ലാത്ത പട്ടികജാതി കുടുംബങ്ങളാണ് കഷ്ടത്തിലായത്.

വി. തുളസീധരൻ

(റിട്ട. ഹെഡ്മാസ്റ്റർ)

സതീശ മന്ദിരം, കോളന്നൂർ

കഴിഞ്ഞ തവണ വകയിരുത്തിയ പദ്ധതി തുക അപര്യാപ്തമായിരുന്നു. കൂടുതൽ തുക അനുവദിപ്പിച്ച് അറ്റകുറ്റപണി നടത്തി ജലവിതരണം ഉടൻ പുനരാരംഭിക്കും.

ആർ. വിജയപ്രകാശ്,

ഗ്രാമപഞ്ചായത്തംഗം, എഴുകോൺ