കൊല്ലം: നിർമ്മാണം പൂർത്തിയായി ആറ് മാസത്തിലേറെയായിട്ടും നൽകാത്ത ബിൽ തുക ആവശ്യപ്പെട്ട കരാറുകാരനെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. മുഖത്തല സ്വദേശി ആർ.സജിയെയാണ് കിട്ടാനുള്ള ഒരുകോടി രൂപ ആവശ്യപ്പെട്ടത്തിന് ഇറക്കിവിട്ടത്.
പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാനും പുതിയവ ഏറ്റെടുക്കുന്നതും ചർച്ച ചെയ്യാനാണ് കോർപ്പറേഷൻ അധികൃതർ യോഗം വിളിച്ചത്. വടക്കേവിള സോണൽ ഓഫീസ് നിർമ്മാണത്തിന് കിട്ടാനുള്ള ഒരുകോടി രൂപ മാസങ്ങളായി പലതവണ കയറിയിറങ്ങിയിട്ടും കിട്ടാത്ത കാര്യം ചൂണ്ടിക്കാട്ടി. ഡിവിഷൻ തലത്തിലുള്ള പ്രവൃത്തികളുടെ കാര്യം ചർച്ച ചെയ്ത ശേഷം അക്കാര്യത്തിലേക്ക് കടക്കാമെന്ന് മേയർ മറുപടി പറഞ്ഞു. ചർച്ച നീണ്ടതോടെ താൻ വീണ്ടും തന്റെ ദയനീയവസ്ഥ വിവരിച്ചപ്പോൾ മേയർ ഇറങ്ങിപ്പോകാൻ പറഞ്ഞുവെന്ന് സജി പറയുന്നു. ഓണത്തിന് മുമ്പ് പണം കിട്ടിയില്ലെങ്കിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പന്തൽ കെട്ടി നിരാഹാരം കിടക്കുമെന്നും സജി പറഞ്ഞു.