കൊല്ലം : സമൂഹത്തിലെ നിരാശ്രയരായ രോഗികൾക്കും ഭിന്നശേഷിക്കാർക്കും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും വേണ്ടി ചവറ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാകുന്ന നൂതന പദ്ധതികളുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ മുഴുവൻ പേരിലും ക്യാൻസൽ രോഗ നിർണയം നടത്തുന്ന 'ക്യാൻ ചവറ', ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം നടത്തുന്ന 'വിദ്യാ സ്വന്തനകിരണം', സാമൂഹിക പിന്തുണയോടെ പാലിയേറ്റിവ് രോഗികൾക്ക് വേണ്ടി നടപ്പിലാക്കുന്ന 'പാലിയേറ്റിവ് കെയർ സോഷ്യൽ സപ്പോർട്ട് യൂണിറ്റ് ', ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഭക്ഷണവും മരുന്നും നൽകുന്ന 'സാന്ത്വന സാരഥി 'എന്നീ പദ്ധതികളുടെ നടത്തിപ്പിന് ഏറെ സഹായം നൽകുന്ന ബ്ലോക്ക് പരിധിയിലെ മുഴുവൻ ആശ പ്രവർത്തകരെയും ആദരിച്ചു. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വർഷത്തെ പദ്ധതി പ്രകാരം ഒന്നര ലക്ഷം രൂപയുടെ യൂണിഫോമും നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അദ്ധ്യക്ഷനായ ചടങ്ങ് മുൻ മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. 2005 മുതൽ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തും സാമൂഹിക രംഗത്തും നിസ്തുലമായ സേവനംനൽകുന്ന ആശാ പ്രവർത്തകരുടെ സേവന വേതന വ്യവസ്‌ഥകൾ കാലോചിതമായി പരിഷ്കാരിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
2023-24 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്ത് നാലാം സ്ഥാനത്തും ചവറ ബ്ലോക്ക് പഞ്ചായത്തിനെ എത്തിച്ച നിർവഹണ ഉദ്യോഗസ്ഥർക്കുള്ള അനുമോദനവും പുരസ്‌കാര ദാനവും നടത്തി.