chellu

കൊല്ലം: ജില്ലയിൽ ചെള്ളുപനി (സ്ക്രബ് ടൈഫസ്) രോഗികളുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞമാസം 7 പേർക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഈ വർഷം കഴിഞ്ഞ 15 വരെ 15 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം ഇതുവരെ മൂന്നുപേർക്കും ജൂണിൽ രണ്ടുപേർക്കും ഫെബ്രുവരി, മേയ് മാസങ്ങളിൽ ഒരാൾക്കുവീതവുമാണ് രോഗബാധ ഉണ്ടായത്.

കഴിഞ്ഞ ഫെബ്രുവരി 2 നാണ് ജില്ലയിൽ ആദ്യമായി ചെള്ളുപനി റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി.

പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളിലാണ് രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കില്ല. എലി ശല്യമുള്ള പ്രദേശത്ത് താമസിക്കുന്നവർ, കുറ്റിക്കാടിനടുത്തുള്ള വീടുകളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക്

 ചെറുപ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകളാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർത്തുന്നത്

ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോൾ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും

ചുവന്ന് തടിച്ച പാടായി, പിന്നീട് കറുത്ത വ്രണമാകും

കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് എന്നിവിടങ്ങളിലാണ് പാടുകൾ കാണാറുള്ളത്

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണം

 ചുമ, ഓക്കാനം, ഛർദ്ദി എന്നിവയും ഉണ്ടാകാറുണ്ട്

പ്രതിരോധം പ്രധാനം

 പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധം വസ്ത്രം ധരിക്കണം

 എലി നശീകരണം, പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കുക

 ആഹാരാവശിഷ്ടങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കുക

 വസ്ത്രങ്ങൾ ഉണക്കാൻ നിലത്തോ പുല്ലിലോ ഇടരുത്

 കൈയുറയും കാലുറയും ധരിക്കുക

ചിഗ്ഗർ മൈറ്റുകളെ കീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കുക

മണ്ണും ചെടികളുമായും ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, മൃഗങ്ങളെ വളർത്തുന്നവർ കൂടുതൽ ശ്രദ്ധിക്കണം.

ആരോഗ്യവകുപ്പ് അധികൃതർ