കൊല്ലം: കൊല്ലം - തേനി ദേശീയപാത വികസനത്തിന് കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ കഴിഞ്ഞ ഒരു വർഷമായി സ്തംഭനത്തിൽ. പദ്ധതി കൺസൾട്ടന്റിന്റെ കരാർ കാലാവധി അവസാനിച്ചതിനാൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങളും ഏകദേശ അളവുമടങ്ങിയ ത്രി എ വിജ്ഞാപനം അനന്തമായി നീളുകയാണ്.
2023 ജൂണിൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൽ വിഭാഗത്തെ നിയോഗിച്ചതാണ്. ഇവരുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിനുള്ളിൽ ത്രി എ വിജ്ഞാപനം പുറപ്പെടുവിക്കാമായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ അന്തിമ അലൈൻമെന്റ് കൺസൾട്ടന്റ് വൈകിപ്പിച്ചു. അലൈൻമെന്റ് അന്തിമമാക്കിയപ്പോൾ മുംബയ് ആസ്ഥാനമായുള്ള കൺസൾട്ടന്റുമായുള്ള കരാർ കാലാവധി അവസാനിച്ചു. ഇതാണ് നിലവിലെ പ്രതിസന്ധി.
ത്രി എ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമേ ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി തിരിച്ച് കല്ലിടുന്നതിനൊപ്പം പരാതികൾ സ്വീകരിച്ച് പരിഹരിക്കൂ. അടുത്തഘട്ടമായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങളും കൃത്യമായ അളവുമടങ്ങിയ ത്രി ഡി വിജ്ഞാപനം ഒരുവർഷത്തിനുള്ളിൽ പുറപ്പെടുവിക്കണം. പിന്നീട് ഭൂമിയുടെ രേഖകൾ പരിശോധിച്ച ശേഷം ഭൂവുടമകൾക്കും കെട്ടിടങ്ങൾ നഷ്ടമാകുന്നവർക്കും നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കും.
ത്രി എ വിജ്ഞാപനം വൈകുന്നു
കൺസൾട്ടന്റിന്റെ കരാർ കാലാവധി അവസാനിച്ചു
കാലാവധി നീട്ടാൻ ധാരണ
ധാരണാപത്രം ഒപ്പിടൽ വൈകുന്നു
കൺസൾട്ടന്റിനൊപ്പം സംയുക്ത സർവേ നടത്തിയേ സ്ഥലമേറ്റെടുക്കൽ വിഭാഗം ത്രി എ വിജ്ഞാപനം പുറപ്പെടുവിക്കൂ
ദേശീയപാത
നീളം - 54 കിലോമീറ്റർ
വീതി -16 മീറ്റർ
രണ്ട് വരിപ്പാത - 7.5 മീറ്ററിൽ
നടപ്പാത - 1.5 മീറ്റർ
ജില്ലയിൽ ഏറ്റെടുക്കേണ്ടത് -11 ഹെക്ടർ
ഭരണിക്കാവിൽ രണ്ട് വരി ഫ്ലൈ ഓവർ - 640 മീറ്റർ
രണ്ട് മാസം മുമ്പ് ദേശീയ ഉപരിതല ഗതാഗത മന്ത്രാലയവുമായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചർച്ച നടത്തി.
ദേശീയപാത അധികൃതർ