കൊല്ലം: ടാറിംഗ് ഇളകി മെറ്റിൽ തെളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ വടക്കേവിള ഡിവിഷനിലെ പട്ടത്താനം സുബ്രഹ്മമണ്യ ക്ഷേത്രം - അക്കരതെക്കേമുക്ക് റോഡിന് നടുവിൽ രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുന്നു. വർഷങ്ങളായി നവീകരണമില്ലാതായ റോഡിലെ ചെറിയ കുഴികൾ വാഹനങ്ങൾ കയറിയിറങ്ങി ഗർത്തങ്ങളായി. എം. മുകേഷ് എം.എൽ.എയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന പനയഴികം മുക്കിലാണ് കുഴി രൂപപ്പെട്ടത്.
മഴ പെയ്ത് വെള്ളം നിറയുന്നതോടെ കുഴി ചതിക്കുഴിയാകും. വെള്ളക്കെട്ടിൽ കുഴി ഏതെന്നറിയാതെ സൈക്കിൾ ഉൾപ്പടെയുള്ള ടൂ വീലറുകൾ നില തെറ്റി അപകടത്തിൽപ്പെടുന്നതും പതിവാണ്. വിരവധി സ്കൂൾ വിദ്യാർത്ഥിനികളാണ് ഇതുവഴി സൈക്കിളിൽ യാത്ര ചെയ്യുന്നത്. കൂടാതെ റൂട്ടിൽ നിരവധി സ്‌കൂൾ ബസുകളും ട്രിപ്പ് നടത്തുന്നുണ്ട്.
മൂന്നുകോടി ചെലവാക്കി പാട്ടത്തിൽകാവിലൂടെയുള്ള നിർദ്ദിഷ്‌ട ഗ്രാമീണ റിംഗ് റോഡിന്റെ കണക്‌ടിവിറ്റി റോഡാണ് അക്കരതെക്കേമുക്ക് പട്ടത്താനം ക്ഷേത്രം വഴി വേലൻവയലിൽ അവസാനിക്കുന്നത്. ഇവിടെ നിന്നാണ് പാട്ടത്തിൽക്കാവ് റിംഗ് റോഡിലേക്കുള്ള കണക്‌ടിവിറ്റി.
എം.നൗഷാദ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം അനുവദിച്ചെങ്കിലും കരാറെടുക്കാൻ ആരുമെത്തിയില്ല. അടങ്കൽ തുക 90 ലക്ഷമായി ഉയർത്തിയെങ്കിലും പണി ആരും ഏറ്റെടുത്തില്ല. കരാറുകാർക്ക് ഓഫർ നൽകി ക്വട്ടേഷൻ വ്യവസ്ഥയിൽ പ്രവൃത്തി എറ്റെടുപ്പിക്കാൻ ശ്രമിക്കുകാണ്.
എസ്. ശ്രീദേവിഅമ്മ
വടക്കേവിള ഡിവിഷൻ
കൗൺസിലർ
വർഷങ്ങളായി തകർന്ന് കിടക്കുന്ന ഏകദേശം 600 മീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കാനാകുന്നില്ല. കൂടുതൽ ദുരിതം അനുഭവിക്കുന്നത് സ്‌കൂൾ കുട്ടികളാണ്.
എച്ച് .ദിലീപ്‌കുമാർ, മുൻ സെക്രട്ടറി,
എസ്.എൻ.ഡി.പി യോഗം പട്ടത്താനം 4500-ാം നമ്പർ ശാഖ